ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മികച്ച വിജയം
text_fieldsഅഗർത്തല: ത്രിപുരയിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം. അഗർത്തല മുനിസിപ്പൽ കോർപറേഷനിലേക്കും 13 മുനിസിപ്പാലിറ്റികളിലേക്കും ആറ് നഗര പഞ്ചായത്തുകളിലേക്കും നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി മികച്ച വിജയം കാഴ്ച വെച്ചത്. 334 ൽ 112 സീറ്റിൽ ബി.ജെ.പി നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. ശേഷിക്കുന്ന 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
51 അംഗ അഗർത്തല മുനിസിപ്പൽ കോർപറേഷനിലെ മുഴുവൻ സീറ്റിലും ബി.ജെ.പി വിജയിച്ചു. മുഖ്യപ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിനും സി.പി.എമ്മിനും അടിപതറി. ഭൂരിഭാഗം മുനിസിപ്പാലിറ്റികളിലും ബി.ജെ.പി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പലയിടത്തും അനായാസ വിജയം നേടിയതായി കണക്കുകൾ കാണിക്കുന്നു.
തൃണമൂലിന് ത്രിപുരയിൽ അക്കൗണ്ട് തുറക്കാനാകാത്തതിന് പുറമെ, ഏറെക്കാലം ഭരണകക്ഷിയായ സി.പി.എമ്മിന് ഒട്ടേറെ തദ്ദേശസ്ഥാപനങ്ങളിൽ വിജയിക്കാനായത് ഒറ്റ സീറ്റിൽ മാത്രം. നവംബർ 25നായിരുന്നു വോട്ടെടുപ്പ്.
2018ൽ ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണവുമായി തൃണമൂൽ േകാൺഗ്രസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കിയതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് തൃണമൂൽ ആവശ്യം. അഗർത്തല മുനിസിൽ കോർപറേഷനിലെ അഞ്ചുവാർഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി സി.പി.എമ്മും രംഗത്തെത്തിയിരുന്നു.

