ബി.ജെ.പി വൈകാതെ തന്നെ സവർക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് ഉവൈസി
text_fieldsഹൈദരാബാദ്: ബ്രിട്ടീഷുകാരോട് സവർക്കർ മാപ്പപേക്ഷിച്ചത് ഗാന്ധിജിയുടെ നിർദേശ പ്രകാരമായിരുന്നു എന്ന ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങിന്‍റെ പ്രസ്താവനയെ പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദീൻ ഉവൈസി. താമസിയാതെ വിനായക് ദാമോദർ സവർക്കറെ ബി.ജെ.പി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നും ഉവൈസി പരിഹസിച്ചു.
അവർ (ബി.ജെ.പി) ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ഇങ്ങനെ പോയാൽ ഗാന്ധി വധത്തിൽ പങ്കുള്ളയാളെന്ന് ജസ്റ്റിസ് ജീവൻ ലാൽ കപൂർ പ്രഖ്യാപിച്ച സവർക്കറെ രാഷ്ട്രപിതാവാക്കും. - എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ഉവൈസി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ നിർദേശ പ്രകാരമാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. വീർ സവർക്കർ: ദ മാൻ ഹു കുഡ് ഹാവ് പിവന്‍റഡ് പാർട്ടീഷ്യൻ എന്ന പുസ്തകത്തിന്‍റെ പ്രകാശന വേളയിലായിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പരാമർശം.
സവർക്കറെ കുറിച്ച് നുണകളാണ് പ്രചരിക്കപ്പെട്ടിട്ടുള്ളത് എന്നും രാജ്നാഥ് സിങ് പറഞ്ഞു.