
കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം: കോൺഗ്രസ് പോലെ ബി.ജെ.പിയും ഇല്ലാതാകുമെന്ന് അഖിലേഷ്
text_fieldsകൊൽക്കത്ത: പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് ഇല്ലാതായ കോൺഗ്രസിനെപോലെ ബി.ജെ.പിയും ഉടൻ നശിക്കുമെന്ന് സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്.
നേരത്തേ കോൺഗ്രസായിരുന്നു കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തത്. ഇപ്പോൾ ബി.ജെ.പിയും അതേ പണി ചെയ്യുന്നു. കോൺഗ്രസ് ഇല്ലാതായി. ബി.ജെ.പിക്കും അതേ വിധിയാകുമെന്നും അഖിലേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. തങ്ങളെ എതിർക്കുന്നവർക്കുനേരെ ബി.ജെ.പി കേന്ദ്ര ഏജൻസികളെ അയക്കുകയാണ്.
ഏറ്റവും കൂടുതൽ സീറ്റുള്ള യു.പിയിൽ ബി.ജെ.പിയെ തോൽപിക്കും. രാജ്യത്ത് പ്രതിപക്ഷ മുന്നണിയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. നിതീഷ് കുമാർ, മമത ബാനർജി, െക. ചന്ദ്രശേഖര റാവു എന്നിവരും ശ്രമം നടത്തുന്നുണ്ട്.
പ്രതിപക്ഷ മുന്നണിയിൽ ചേരുന്ന കാര്യം കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. ജാതി സെൻസസ് വിഷയം ലോക്സഭ തെരഞ്ഞെടുപ്പിലുയർത്തുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.