ബംഗാളിൽ മമതയുടെ കോട്ട തകർത്ത് ബി.ജെ.പി മുന്നേറ്റം; തൃണമൂലിന് കനത്ത പ്രഹരം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, സംസ്ഥാനത്ത് രാഷ്ട്രീയ ഭൂകമ്പത്തിന്റെ സൂചനകൾ നൽകിക്കൊണ്ട് ബി.ജെ.പി വൻ മുന്നേറ്റം നടത്തുന്നു. വോട്ടെണ്ണൽ പകുതി പിന്നിടുമ്പോൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാൾ കൂടുതൽ സീറ്റുകളിൽ ബി.ജെ.പി വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. ഇതോടെ 15 വർഷം നീണ്ട മമത ബാനർജിയുടെ ഭരണത്തിന് അന്ത്യമാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
294 അംഗ നിയമസഭയിൽ ഭരണം പിടിക്കാൻ വേണ്ട 148 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ബി.ജെ.പി അതിവേഗം അടുക്കുകയാണ്. വോട്ടർ പട്ടികയിലെ പ്രത്യേക പരിശോധനയിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയത്തെ അഭിമുഖീകരിക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജിയും മുൻ വിശ്വസ്തനും നിലവിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ബംഗാളിൽ ഉടനീളം ദൃശ്യമാകുന്നത്.
ബംഗാളിൽ ആകെ സീറ്റുകൾ 294 ആണ്. ഭൂരിപക്ഷത്തിന് വേണ്ടത് 148. കഴിഞ്ഞ തവണ 215 സീറ്റുകൾ നേടി തൃണമൂൽ അധികാരം നിലനിർത്തിയപ്പോൾ ബി.ജെ.പി 77 സീറ്റുകൾ നേടി പ്രധാന പ്രതിപക്ഷമായി മാറിയിരുന്നു. കോൺഗ്രസിനും ഇടതുപക്ഷത്തിനും കഴിഞ്ഞ തവണ സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ തവണ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ബാനർജി പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഭവാനിപൂരിൽ നിന്ന് വിജയിച്ചത്. എന്നാൽ ഇത്തവണ സുവേന്ദു അധികാരി ഭവാനിപൂരിലെത്തി മമതയെ നേരിട്ടത് പോരാട്ടം കടുപ്പിച്ചു. മമതയുടെ വീട്ടുപടിക്കൽ പോരാട്ടം എത്തിക്കുന്നതിൽ ബി.ജെ.പി വിജയിച്ചുവെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. തൃണമൂലിൽ നിന്ന് പുറത്താക്കപ്പെട്ട ഹുമയൂൺ കബീർ രൂപീകരിച്ച പുതിയ പാർട്ടിയും ഇത്തവണ ബംഗാൾ രാഷ്ട്രീയത്തിൽ ചർച്ചയായിരുന്നു.
ബാബറി മസ്ജിദിന്റെ പേരിൽ പള്ളി പണിയുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വോട്ടുവിഹിതത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബംഗാൾ ജനത മാറ്റത്തിന് വോട്ട് ചെയ്തുവെന്നാണ് വോട്ടെണ്ണലിന്റെ ആദ്യ പകുതി നൽകുന്ന സൂചന. ബിജെപി ആദ്യമായി ബംഗാളിൽ അധികാരത്തിലേറുമോ അതോ മമത അട്ടിമറി വിജയം നേടുമോ എന്ന് വരും മണിക്കൂറുകളിൽ വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

