വനിതാ ബില്ലിന് വേണ്ടി സോണിയ സഖ്യക്ഷികൾക്കല്ലേ കത്തെഴുതേണ്ടത്?
text_fieldsന്യൂഡൽഹി: വനിതാ ബില്ലിന് വേണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തങ്ങളുടെ സഖ്യകക്ഷിയായ ആർ.ജെ.ഡിക്കും എസ്.പിക്കും കത്തെഴുതകയല്ലേ വേണ്ടതെന്ന് ബി.ജെ.പി. ബില്ല് പാസ്സാക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനോട് പ്രതികരിക്കുകയായിരുന്നു ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവു. യു.പി.എ സർക്കാറിന്‍റെ കാലത്ത് ആർ.ജെ.ഡിയും എസ്.പിയും ബില്ലിനെതിരെ രംഗത്തെത്തിയതിനെ വിമർശിച്ചുകൊണ്ടാണ് ബി.ജെ.പി വക്താവിന്‍റെ അഭിപ്രായ പ്രകടനം.
പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതിന് പകരം സോണിയ ഗാന്ധി , എന്തുകൊണ്ടാണ് തങ്ങൾ അധികാരത്തിലിരുന്നപ്പോൾ ബില്ല് പാസ്സാക്കാൻ അനുവദിച്ചില്ല എന്ന് സഖ്യകക്ഷികളായ ലാലു പ്രസാദിനോടും മുലായം സിങ് യാദവിനോടും ചോദിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
നിയമനിർമാണത്തിനായി മോദി സർക്കാറിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും സോണിയ കത്തിലൂടെ അറിയിച്ചിരുന്നു.
നിയമസഭയിലേയും പാർലമെന്‍റിലേയും മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്ന ബിൽ രാജ്യസഭയിൽ പാസ്സാക്കിയെടുക്കാൻ 2010ൽ യു.പി.എ സർക്കാറിന് കഴിഞ്ഞിരുന്നു. ഇത് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിജയമായും കോൺഗ്രസ് ഉയർത്തിക്കാട്ടിയിരുന്നു.
രാജ്യസഭയിൽ പാസ്സാക്കിയെടുക്കാൻ കഴിഞ്ഞെങ്കിലും സഖ്യ കക്ഷികളിൽ ചിലരുടെ എതിർപ്പ് മൂലം ലോകസഭയിൽ ബിൽ പാസ്സാക്കിയെടുക്കാൻ മൻമോഹൻ സിങ് സർക്കാറിന് കഴിഞ്ഞിരുന്നില്ല. സമാജ് വാദി പാർട്ടി, രാഷ്ട്രീയ ജനത ദൾ, തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികളിൽ നിന്ന് മാത്രമല്ല, ചില കോൺഗ്രസ് അംഗങ്ങളിൽ നിന്നും സർക്കാർ എതിർപ്പ് നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)