വാട്സ്ആപ്പിലൂടെ അധികാരമുറപ്പിക്കാൻ ബി.ജെ.പി
text_fieldsബി.ജെ.പി ദേശീയ നിർവാഹക സമിതിയോഗം നടക്കുന്ന ഹൈദരാബാദിലെ വേദിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രി പിയൂഷ്
ഗോയൽ എന്നിവർ
ഹൈദരാബാദ്: 2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബൂത്ത്തലത്തിൽ കൂടുതൽ വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കാൻ ഹൈദരാബാദിൽ ചേർന്ന ബി.ജെ.പി ദേശീയ ഭാരവാഹി യോഗം തീരുമാനിച്ചു. എല്ലാ ബൂത്തുകളിലും 200 പ്രവർത്തകരെ ഒരുക്കാനും രാജ്യത്തെ 20 കോടി വീടുകളിൽ ദേശീയപതാക ഉയർത്തുന്ന 'ഹർ ഘർ തിരങ്ക' പരിപാടി നടത്താനും ബി.ജെ.പി തീരുമാനിച്ചു.
ബി.ജെ.പി ദേശീയ നിർവാഹക സമിതിക്കു മുന്നോടിയായി പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ ഹൈദരാബാദിൽ ചേർന്ന പാർട്ടി ഭാരവാഹി യോഗത്തിലാണ് തീരുമാനം. പാർട്ടി പ്രവർത്തനങ്ങളുടെ അടിത്തറ പന്ന പ്രമുഖ് ആയതിനാൽ അവരെ വാർത്തെടുക്കുന്നതിൽ ശ്രദ്ധവെക്കാനും യോഗം തീരുമാനിച്ചുവെന്ന് ദേശീയ ഉപാധ്യക്ഷയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വിജയരാജെ സിന്ധ്യ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കുന്നതടക്കം ബൂത്ത്തല പ്രവർത്തനങ്ങൾ ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ അവലോകനം ചെയ്യണം. അഅ്സംഗഢ്, രാംപുർ ഉപതെരഞ്ഞെടുപ്പുകൾ അടക്കമുള്ളവയിൽ ബി.ജെ.പി നേടിയ വിജയം പാർട്ടിയുടെ നില ഭദ്രമാക്കിയെന്നാണ് വിലയിരുത്തൽ. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായ 30 കോടി പേരിലേക്ക് പാർട്ടിയെ എത്തിക്കുന്നതിൽ ഇനിയുമേറെ മുന്നേറാനുണ്ടെന്നും 'മൻ കി ബാത്ത്' ജനങ്ങളിലെത്തിക്കാൻ പാർട്ടി ശ്രദ്ധവെക്കുമെന്നും സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം മുതിർന്ന നേതാക്കൾ ദേശീയ നിർവാഹക സമിതിക്ക് എത്തിയിട്ടുണ്ട്.