വഖഫ് ഭേദഗതി നിയമം: പ്രചാരണവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം സംബന്ധിച്ച് മുസ്‍ലിംകളെ ‘ബോധവത്കരിക്കാൻ’ രണ്ടാഴ്ച നീളുന്ന കാമ്പയിനുമായി ബി.ജെ.പി. നിയമത്തിന്റെ ഗുണങ്ങൾ മുസ്‍ലിംകളെ ബോധ്യപ്പെടുത്താനും പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി നൽകാനും ലക്ഷ്യമിട്ടാണ് കാമ്പയിൻ. ഏപ്രിൽ 20 മുതലാണ് പ്രചാരണം തുടങ്ങുന്നത്.
ഇതിന് മുന്നോടിയായി നടന്ന ബി.ജെ.പി ഭാരവാഹികളുടെ ശിൽപശാലയിൽ പാർട്ടി പ്രസിഡന്റ് ജെ.പി. നഡ്ഡ പങ്കെടുത്തു. വോട്ടുബാങ്ക് ലക്ഷ്യമിട്ട് പ്രതിപക്ഷം മുസ്‍ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള വഖഫ് ബോർഡുകളിലെ അംഗങ്ങളും പാർട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട നേതാക്കളും ശിൽപശാലയിൽ പങ്കെടുത്തു. പുതിയ നിയമം പാവപ്പെട്ട മുസ്‍ലിംകളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി വഖഫ് സ്വത്തുക്കൾ വിനിയോഗിക്കാൻ സഹായിക്കുമെന്ന് നഡ്ഡ പറഞ്ഞു.
സ്വാധീനമുള്ള ചെറിയ വിഭാഗം ആളുകളുടെ നിയന്ത്രണത്തിൽനിന്ന് സ്വത്തുക്കൾ മോചിപ്പിക്കാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പുനഃപരിശോധിക്കണം -മായാവതി
ലഖ്നോ: വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും നിയമം തൽക്കാലം നിർത്തിവെക്കണമെന്നും ബി.എസ്.പി നേതാവ് മായാവതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വഖഫ് ബോർഡിൽ അമുസ്‍ലിംകളെ ഉൾപ്പെടുത്തുന്ന വ്യവസ്ഥ പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് അവർ പറഞ്ഞു. മുസ്‍ലിം സമുദായത്തിന് ഇതിൽ പ്രതിഷേധമുണ്ടെന്നും അവർ പറഞ്ഞു.
ബി.ജെ.ഡിയിൽ അഭിപ്രായ ഭിന്നത രൂക്ഷം
ഭുവനേശ്വർ: വഖഫ് ഭേദഗതി ബില്ലിലെ വേട്ടെടുപ്പിൽ രാജ്യസഭയിൽ ബി.ജെ.പിക്ക് സഹായകമായ നിലപാട് സ്വീകരിച്ചതിനെ ചൊല്ലയുള്ള ബിജു ജനത ദളിലെ (ബി.ജെ.ഡി) അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമായി. കഴിഞ്ഞദിവസം പാർട്ടി നിലപാടിനെ വിമർശിച്ച് വിവിധ നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ പാർട്ടി അധ്യക്ഷൻ നവീൻ പട്നായിക്കിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ പ്രവത് ത്രിപാഠി രംഗത്തെത്തി.
പാർട്ടി അവസാന നിമിഷം നിലപാട് മാറ്റിയതിനു പിന്നിൽ പട്നായിക്കിന്റെ അടുപ്പക്കാരനായ വി.കെ. പാണ്ഡ്യനാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് നൽകിയ വാർത്തക്കുറിപ്പിൽ വോട്ടെടുപ്പിലെ നിലപാട് മാറ്റം സംബന്ധിച്ച് നവീൻ പട്നായിക് മൗനം പാലിച്ചതായി ത്രിപാഠി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽനിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാനാണ് അദ്ദേഹം ശ്രമിച്ചത്. തനിക്കെതിരെ പട്നായിക് പച്ചക്കള്ളം പറയുകയാണെന്നും ത്രിപാഠി തുറന്നടിച്ചു.
ചിറ്റ് ഫണ്ട് കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞ ത്രിപാഠിയെ വർഷങ്ങൾക്ക് മുമ്പ് പാർട്ടിയിൽനിന്ന് പുറത്താക്കിയെന്നായിരുന്നു പട്നായികിന്റെ പരാമർശം. തനിക്കെതിരായ സസ്പെൻഷൻ 2017 ൽ പാർട്ടി പിൻവലിച്ചതാണെന്ന് ത്രിപാഠി പറഞ്ഞു. 2019, 2024 തെരഞ്ഞെടുപ്പുകളിൽ ഞാൻ ബി.ജെ.ഡിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. പട്നായിക് ഉൾപ്പെടെ പങ്കെടുത്ത യോഗങ്ങളിൽ പ്രസംഗിച്ചിരുന്നതായും ചിത്രങ്ങൾ ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.
മനഃസാക്ഷി വോട്ടിന് ബി.ജെ.ഡി ആഹ്വാനം ചെയ്തതിനെതുടർന്ന് രാജ്യസഭയിൽ ചില എം.പിമാർ ബില്ലിന് അനുകൂലമായും ചിലർ എതിർത്തുമാണ് വോട്ടുചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.