തമിഴ്നാട്ടിൽ സഖ്യം വിപുലമാക്കാൻ ബി.ജെ.പി
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പന്നീർസെൽവവും അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) നേതാവ് ടി.ടി.വി. ദിനകരനും ബി.ജെ.പിയുമായി ചർച്ച നടത്തി. ചൊവ്വാഴ്ച ആരംഭിച്ച ചർച്ച ബുധനാഴ്ച പുലർച്ചെവരെ നീണ്ടു. എൻ.ഡി.എ മുന്നണി മെഗാസഖ്യമാണെന്നും അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ പാർട്ടികൾ ഒരേ മണ്ഡലം ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും പന്നീർസെൽവം പിന്നീട് വാർത്തലേഖകരോട് പറഞ്ഞു. ചർച്ചയിൽ രമ്യമായ പരിഹാരം ഉണ്ടാകും. എ.ഐ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമീഷൻ തനിക്ക് അനുവദിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. രണ്ടില ചിഹ്നത്തിലേ മത്സരിക്കൂവെന്നും പന്നീർസെൽവം വ്യക്തമാക്കി.
എടപ്പാടി പളനിസ്വാമി നേതൃത്വം നൽകുന്ന എ.ഐ.എ.ഡി.എം.കെക്ക് രണ്ടില അനുവദിച്ച നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിണ്ടിഗൽ സ്വദേശി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതിനു പിന്നാലെയാണ് പന്നീർസെൽവത്തിന്റെ പ്രതികരണം.
ബി.ജെ.പി-ബി.ജെ.ഡി സഖ്യം: തീരുമാനം ഉടൻ
ഭുവനേശ്വർ: ഒഡിഷയിൽ ബി.ജെ.പി - ബിജു ജനതാദൾ (ബി.ജെ.ഡി) സഖ്യം സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടായേക്കും. ബി.ജെ.പി ഒഡിഷ സംസ്ഥാന പ്രസിഡന്റ് മൻമോഹൻ സമൽ, തെരഞ്ഞെടുപ്പ് ചുമതലയുള്ള വിജയ് പാൽ സിങ് തോമർ എന്നിവർ ചർച്ചക്കായി ഡൽഹിയിലുണ്ട്.
ഡൽഹിയിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ വസതിയിൽ മൂന്നുദിവസമായി ഇതുസംബന്ധിച്ച് നിരവധി യോഗങ്ങളാണ് ചേർന്നത്.
കണ്ഡമാൽ കലാപത്തെത്തുടർന്ന് 2009ലെ തെരഞ്ഞെടുപ്പിന് മുമ്പായി സഖ്യമുപേക്ഷിച്ച ബി.ജെ.ഡിയുമായി ചേരുന്നതിൽ ഒഡിഷയിലെ ഒരുവിഭാഗം ബി.ജെ.പി നേതാക്കൾക്ക് എതിർപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

