മുംബൈ പിടിക്കാൻ ബി.ജെ.പി; നഗരസഭ തെരഞ്ഞെടുപ്പിൽ പുതു സഖ്യങ്ങൾ
text_fieldsമുംബൈ: മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പിൽ പുതുസഖ്യങ്ങൾ. ദേശീയ, സംസ്ഥാനതലത്തിലെ ഭരണസഖ്യമായ ബി.ജെ.പിയുടെ എൻ.ഡി.എ, മഹായുതിയും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ ഇൻഡ്യ സഖ്യമായ മഹാവികാസ് അഘാഡിയും (എം.വി.എ) നഗരസഭ തെരഞ്ഞെടുപ്പിൽ ഇല്ല. മുംബൈയിലും താനെ, കല്യാൺ-ഡൊമ്പിവല്ലിയിലും മഹായുതിയിലെ ബി.ജെ.പിയും ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയും കൈകോർക്കുന്നുണ്ടെങ്കിലും അജിത് പക്ഷ എൻ.സി.പി ഒപ്പമില്ല.
277 സീറ്റുകളുള്ള മുംബൈ നഗരസഭയിൽ 137 ഇടത്ത് ബി.ജെ.പിയും 90 സീറ്റുകളിൽ ഷിൻഡെ ശിവസേനയുമാണ് മത്സരിക്കുന്നത്. കോൺഗ്രസാകട്ടെ എം.വി.എ സഖ്യം വിട്ട് പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ), മഹാദേവ് ജാൻകറുടെ ആർ.എസ്.പി എന്നിവയുമായി ചേർന്നാണ് മുംബൈയിൽ മത്സരിക്കുന്നത്.
150 സീറ്റിൽ കോൺഗ്രസും 62ൽ വി.ബി.എയും 12 സീറ്റിൽ ആർ.എസ്.പിയുമാണ് മത്സരിക്കുന്നത്. ഉദ്ധവ് താക്കറെ പക്ഷ ശിവസേനക്ക് രാജ് താക്കറെയുടെ എം.എൻ.എസുമായാണ് സഖ്യം. പുണെയിൽ എൻ.സി.പിയും ബി.ജെ.പിയും തമ്മിലാണ് പോര്. ഇവിടെ അജിത് പവാർ പക്ഷവും ശരദ് പവാർ പക്ഷവും ഒന്നിച്ചുമത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ചിഹ്നത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ശരദ് പവാർ പക്ഷം 70 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തോടെ ചിത്രം തെളിയും.
ജനുവരി 15നാണ് 29 സഗരസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 16ന് ഫലമറിയും. തങ്ങളുടെ പിന്തുണയോടെ കാലങ്ങളായി ശിവസേന ഭരിച്ച മുംബൈ നഗരസഭ പിടിച്ചെടുക്കുകയാണ് ബി.ജെ.പി ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

