ഉർദുകേന്ദ്രം തകർത്ത നാട്ടിൽ ഉർദുവിൽ പോസ്റ്ററടിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്
text_fieldsമുംബൈ: ഉർദു വിരോധികളായ ബി.ജെ.പി മുംബൈ കോർപറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ സമ്പൂർണമായും ഉർദുവിൽ അച്ചടിച്ച പോസ്റ്ററുമായി പ്രചാരണത്തിന്. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അടുത്തകാലത്താണ് ബൈക്കുളയിൽ ഉർദു പഠിപ്പിക്കുന്ന ഒരു കേന്ദ്രം തകർത്തത്. ബി.ജെ.പിയിൽ നിന്ന് വ്യാപകമായ പ്രതിഷേധമുണ്ടായതിനെത്തുടർന്നായിരുന്നു കോർപറേഷന്റെ നടപടി.
തന്റെ മണ്ഡലത്തിലുള്ള ഉർദു സംസാരിക്കുന്ന മുസ്‍ലിം ജനവിഭാഗത്തെ സ്വാധീനിക്കുക എന്ന ഉദ്ദേശത്തോടെയാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും മറ്റും ഉർദുവിൽ പ്രിന്റ് ചെയ്ത് തെരഞ്ഞെടുപ്പിൽ വോട്ടഭ്യർഥിച്ച് ബി.ജെ.പിയുടെ വനിതാ സ്ഥാനാർഥി രംഗത്തെത്തിയത്. ഇവരുടെ ചിത്രവും ലോക്കൽ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററിൽ പ്രിന്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റർ നാട്ടിൽ പ്രചരിപ്പിച്ചതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രസ്താവനയുമായി രംഗത്തെത്തി. ബി.ജെ.പി അവസരവാദ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് എ.ഐ.എം.ഐ.എം, എം.എൻ.എസ്, കോൺഗ്രസ് എന്നീ പാർട്ടികൾ ആരോപിച്ചു.
‘അപ്പോൾ ഇതാണോ ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയം. ഒരുവശത്ത് അവർ മുസ്‍ലിം സമുദായത്തെ ഒന്നടങ്കം അധിക്ഷേപിച്ച് ഹിന്ദുക്കളെ അവർക്കെതിരാക്കുന്നു. അതേസമയം മുസ്‍ലിം വോട്ട് വലവീശിയെടുക്കാനായി ഉർദുവിൽ പോസ്റ്ററുമായി ഇറങ്ങിയിരിക്കുന്നു’- എം.എൻ.എസ് പ്രസ്താവനയിൽ പറയുന്നു.
‘ ഇന്നലെവരെ ബി.ജെ.പി ഉർദു ഭാഷയെ വെറുത്തു. ഒരു സമുദായത്തെ മൊത്തത്തിൽ അധിക്ഷേപിക്കാനായിരുന്നു അത്. ഉർദു സംസാരിക്കുന്നവരെക്കുറിച്ച് മോശമായി പ്രചരിപ്പിക്കുന്നു. പക്ഷേ ഇന്ന് അവർ തന്നെ ഉർദു പോസ്റ്ററുമായി മുസ്‍ലിം വോട്ടിനായി ഇറങ്ങിയിരിക്കുന്നു. ഒരു വോട്ടുകിട്ടാൻ എന്തിനും മടിക്കാത്തവരാണിവർ’- എ.ഐ.എം.ഐ.എം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

