യു.പിയിൽ മൂന്നര കോടി വോട്ട് ചേർക്കാൻ ബി.ജെ.പി; ഓരോ ബൂത്തിലും 200 വോട്ടുകൾ വീതം
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ 2.89 കോടി വോട്ടർമാരെ എസ്.ഐ.ആർ കരട് വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയതിന് പിന്നാലെ അന്തിമ വോട്ടർ പട്ടികയിലേക്ക് ഓരോ ബൂത്തിലും 200 വോട്ടുകൾ വീതം ചേർക്കാൻ ഉന്നത ബി.ജെ.പി നേതൃത്വം പ്രാദേശിക ഘടകങ്ങൾക്ക് നിർദേശം നൽകി. പുതിയ വോട്ടർമാർക്കുള്ള ഫോം-6 പൂരിപ്പിച്ച് നൽകി സംസ്ഥാനത്തൊട്ടാകെ 3.5 കോടി വോട്ടർമാരെ ഇത്തരത്തിൽ അന്തിമ വോട്ടർപട്ടികയിൽ ചേർക്കാനാണ് തീരുമാനം.
2027ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിൽ എസ്.ഐ.ആറിലൂടെ 2025ലെ വോട്ടർപട്ടികയിലുണ്ടായിരുന്ന 18.70 ശതമാനവും വോട്ടുകൾ നീക്കം ചെയ്തു. ഇതോടെ രാജ്യത്ത് ഏറ്റവും കുടൂതൽ വോട്ടുകൾ വെട്ടിമാറ്റിയ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തർപ്രദേശ്. പരമാവധി 1200 വോട്ടുകൾ മാത്രമുള്ള വിധം മണ്ഡലങ്ങളുടെ പുനഃക്രമീകരണം നടത്തിയാൽ 1.77 ലക്ഷം പോളിങ് ബുത്തുകളിൽ 200 വീതം വോട്ടുകൾ ചേർക്കണമെന്ന് ബൂത്ത് തലത്തിൽ പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രേഖകളില്ലാതെയോ തെറ്റുകൾ മൂലമോ കരട് പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടവർ, എസ്.ഐ.ആറിൽ ബി.എൽ.ഒമാർക്ക് കണ്ടെത്താനാകാത്തവർ, എസ്.ഐ.ആർ അപേക്ഷ തിരിച്ചുനൽകാത്തവർ, 18 വയസ്സ് പൂർത്തിയാക്കിയ കന്നിവോട്ടർമാർ എന്നിവരിൽനിന്ന് പുതുതായി മൂന്ന് കോടി വോട്ടർമാരെ ചേർക്കാനാണ് ബി.ജെ.പി തീരുമാനം. ബി.ജെ.പി സ്വന്തം നിലക്ക് ബൂത്ത് തലത്തിൽ പ്രവർത്തകരെ ഇറക്കി ഫെബ്രുവരി ആറ് വരെ വോട്ടുകൾ ചേർക്കും. ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തിയതിയും ഫെബ്രുവരി ആറിന് കഴിയുമെന്നതിനാൽ യു.പിയിൽ മാർച്ച് ആറിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ ഇത്രയും പേരുണ്ടാകും.
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി.ജെ.പി യു.പി പ്രസിഡന്റ് പങ്കജ് ചൗധരിയും പാർട്ടിയുടെ എല്ലാ മന്ത്രിമാരെയും എം.പിമാരെയും എം.എൽ.എമാരെയും എം.എൽ.സിമാരെയും സംസ്ഥാന ഭാരവാഹികളെയും ജില്ല പ്രസിഡന്റുമാരെയും വിർച്വലായി വിളിച്ചുചേർത്തിരുന്നു.
മൂന്ന് കോടിയോളം വോട്ടുകൾ വെട്ടിമാറ്റിയത് ചൂണ്ടിക്കാട്ടിയ ഇരുവരും പുതുതായി മൂന്നര കോടി വോട്ടർമാരെ ചേർത്ത് യു.പിയിലെ ആകെ വോട്ടർമാരുടെ എണ്ണം 15.5 കോടിയിലെത്തിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യു.പിയിൽനിന്ന് ജോലി ആവശ്യാർഥം അന്യസംസ്ഥാനങ്ങളിലേക്ക് പോയ മുഴുവൻ ബി.ജെ.പി വോട്ടുകളും തിരികെ യു.പിയിൽ തന്നെ എത്തിക്കാനാണ് നിർദേശം. നേരത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി രണ്ടിടത്ത് വോട്ടുണ്ടാക്കിയ ബി.ജെ.പി പ്രവർത്തകർ എസ്.ഐ.ആർ വന്നപ്പോൾ നഗര വോട്ട് ഒഴിവാക്കി ഗ്രാമീണ വോട്ടർമാരായി മാറിയെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

