Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രാഹ്മണ്യത്തിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം വേണമെന്ന് നേഹ ബോറ; പ്രചോദനം രാഹുൽ ഗാന്ധിയെന്ന് ബി.ജെ.പി

text_fields
bookmark_border
ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നുവെന്നും ആരോപണം
ബ്രാഹ്മണ്യത്തിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം വേണമെന്ന് നേഹ ബോറ; പ്രചോദനം രാഹുൽ ഗാന്ധിയെന്ന് ബി.ജെ.പി
cancel

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭക നേഹ ബോറ ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നുവെന്ന കടുത്ത ആരോപണവുമായി ബി.ജെ.പി. രാഹുൽ ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നേഹയുടെ പരാമർശങ്ങൾ എന്നും ബി.ജെ.പി ആരോപിച്ചു. ബ്രാഹ്മണ വ്യവസ്ഥിതിയിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം ആവശ്യമാണെന്നും ക്ഷേത്രങ്ങൾക്കുള്ളിൽ പൂജാരിമാർ പീഡനം നടത്തുന്നുണ്ടെന്നും നേഹ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേഹ ഹിന്ദു വിശ്വാസത്തെ അപമാനിക്കുകയാണെന്നും കോൺഗ്രസിന്റെ "ഹിന്ദു വിരുദ്ധ പരാമർശങ്ങളെ" പ്രതിധ്വനിപ്പിക്കുകയാണെന്നും ആരോപിച്ച് ബി.ജെ.പി വക്താവ് രംഗത്തെത്തിയത്.

നേഹ ബോറയുടേതായി പറയുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ ആക്രമണം. തുളസീദാസിന്റെ രാമചരിതമാനസത്തിലെ ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ട് ബ്രാഹ്മണ വ്യവസ്ഥിതിയെ വിമർശിക്കുന്നതാണ് ദൃശ്യങ്ങൾ. ഉന്നാവോയിലെയും കഠ്‌വയിലെയും സംഭവങ്ങൾ ചൂണ്ടിക്കാട്ടി, ക്ഷേത്ര പൂജാരിമാർ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ ഉന്നയിച്ചുകൊണ്ട് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് നേഹ ഇതിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ നേഹ ബോറയുടെ പ്രസ്താവനകൾ ഹിന്ദു വിരുദ്ധമാണെന്നാണ് ആരോപിക്കുന്ന ബി.ജെ.പി കോൺഗ്രസ്സിനെയും ലക്ഷ്യമിടുന്നു. നേഹ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ആരോപണങ്ങൾ ഏറ്റെടുക്കുകയാണെന്നാണ് ബി.ജെ.പിയുടെ വാദം.

നേഹ ബോറയുടെ പരാമർശങ്ങൾ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് സമാനമാണെന്നും അവരുടെ പ്രസ്താവന സനാതന ധർമ്മത്തിനെതിരായ പ്രത്യയശാസ്ത്രപരമായ പ്രചാരണത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. "ക്ഷേത്രങ്ങൾക്കുള്ളിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഓർക്കുന്നുവെങ്കിൽ, ഈ പരാമർശങ്ങൾ രാഹുൽ ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് മനസ്സിലാക്കാം," ഭണ്ഡാരി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. " 'ഹിന്ദു ഭീകരത' പോലുള്ള പദങ്ങൾ ഉപയോഗിച്ചത് കോൺഗ്രസ് പാർട്ടിയാണ്. ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളിൽ നിന്നാണ് നേഹ ബോറ പ്രചോദനം ഉൾക്കൊണ്ടതെന്ന കാര്യം ഓർക്കുക. സനാതന ധർമ്മത്തെ അധിക്ഷേപിക്കുകയും ഹിന്ദു വിശ്വാസത്തെ ലക്ഷ്യമിടുകയും ചെയ്യുന്നതിലൂടെ, കോൺഗ്രസിന്റെ പൂർണ്ണ പ്രത്യയശാസ്ത്രവും ചിന്താഗതിയും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണെന്നാണ് കാണിക്കുന്നത്. ഇത് അവരുടെ വർഗീയ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ ഡി.എൻ.എ ഹിന്ദു വിരുദ്ധവും ഭരണഘടനാ വിരുദ്ധവും സനാതന വിരുദ്ധവുമാണെന്ന് ഇത് വ്യക്തമാക്കുന്നു," ഭണ്ഡാരി പറഞ്ഞു. 2014-ൽ ഡൽഹി കൂട്ടമാനഭംഗ കേസിനോട് പ്രതികരിക്കവെ, ദേവിമാരെ വന്ദിക്കാൻ ക്ഷേത്രങ്ങളിൽ പോകുന്ന ആളുകൾ തന്നെയാണ് ബസുകളിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അടുത്തിടെയും, സ്ത്രീകളുടെ അവകാശങ്ങളെച്ചൊല്ലി ആർ.എസ്.എസും രാഹുൽ ഗാന്ധിയും ഏറ്റുമുട്ടിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഈ സംഘടനയെ "പുരുഷന്മാർ മാത്രമുള്ള, ഭരണഘടനാ വിരുദ്ധ സംഘം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ജ്ഞാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണച്ച് നേഹ ബോറ സംസാരിച്ചതിന് പിന്നാലെയാണ് പുതിയ വിവാദം ഉയർന്നത്. വോട്ടർ പട്ടികയിൽ നിന്ന് വോട്ടുകൾ മനഃപൂർവം നീക്കം ചെയ്തതെന്നും വോട്ടിന്റെ വിശുദ്ധി തകർക്കപ്പെട്ടു എന്നും ആരോപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ജാതീയതയെക്കുറിച്ച് സംസാരിച്ചത്. "സംരക്ഷണം തികച്ചും ആവശ്യമാണ് - അത് ഈ ബ്രാഹ്മണ വ്യവസ്ഥിതിയിൽ നിന്ന് തന്നെയാണ് വേണ്ടത്. പാവപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും മൃഗങ്ങളും സ്ത്രീകളും കീഴടങ്ങലിനും അധിക്ഷേപത്തിനും അർഹരാണെന്ന് വാദിക്കുന്ന ഒരു വ്യവസ്ഥിതിയാണിത്. ബ്രാഹ്മണ സ്ത്രീകൾ പോലും സുരക്ഷിതരല്ലാത്തതും പീഡനത്തിന് ഇരയാകുന്നതും ഇതേ വ്യവസ്ഥിതിയിലാണ്. ക്ഷേത്രങ്ങൾക്കുള്ളിൽ പൂജാരിമാർ പീഡനം നടത്തുന്നു. ഇത്തരം സംഭവങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്..." ബോറ പറഞ്ഞു. 2018 ജനുവരിയിൽ ജമ്മു കശ്മീരിലെ കഠ്‌വയിൽ നാടോടി ബക്കർവാൾ സമുദായത്തിൽപ്പെട്ട എട്ടുവയസ്സുകാരിയെ ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളിൽ തടഞ്ഞുവെച്ച് കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിനെ പരാമർശിച്ചായിരുന്നു നേഹയുടെ പ്രസ്താവന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP Targets Congress With Activist Neha Bora
Next Story