ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി ബി.ജെ.പി
text_fieldsന്യൂഡൽഹി: ഹരിയാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തൂത്തുവാരി ബി.ജെ.പി. തെരഞ്ഞെടുപ്പ് നടന്ന പത്തിൽ ഒമ്പത് സീറ്റിലും ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചു. മുതിർന്ന നേതാവായ ഭൂപീന്ദർ ഹൂഡയുടെ ശക്തികേന്ദ്രങ്ങളായ ഗുരുഗ്രാമിലും റോഹ്തക്കിലുമടക്കം കോൺഗ്രസിന് കാലിടറി. സ്വതന്ത്രനായി കളത്തിലിറങ്ങിയ വിമത ബി.ജെ.പി നേതാവ് ഡോ. ഇന്ദർജിത് യാദവിനാണ് മനേസറിൽ വിജയം.
കോൺഗ്രസ് വിപുലമായ പ്രചാരണ പരിപാടികൾ നടത്തിയ ഗുരുഗ്രാമിൽ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ ലഭ്യമായ കണക്കുപ്രകാരം 1.79 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർഥി രാജ് റാണിയുടെ ജയം. റോഹ്തക്കിൽ ബി.ജെ.പി സ്ഥാനാർഥി രാം അവതാർ വാല്മീകി 45,198 വോട്ടുകൾക്ക് വിജയിച്ചു. ഫരീദാബാദിൽ ബി.ജെ.പി സ്ഥാനാർഥി പ്രവീൺ ജോഷി കോൺഗ്രസിന്റെ ലതാ റാണിയെ പരാജയപ്പെടുത്തി.
രണ്ട് മേയർ ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് നേട്ടമാവർത്തിക്കാനായി. സോണിപത്തിൽ ബി.ജെ.പിയുടെ രാജീവ് ജെയിൻ കോൺഗ്രസിന്റെ കമൽ ദിവാനെ പരാജയപ്പെടുത്തി. അംബാലയിൽ ബി.ജെ.പിയുടെ ഷലൈജ സച്ച്ദേവ കോൺഗ്രസിന്റെ അമീഷ ചൗളയെ പരാജയപ്പെടുത്തി. ഗുരുഗ്രാം, മനേസർ, ഫരീദാബാദ്, ഹിസാർ, റോഹ്തക്, കർണാൽ, യമുനാനഗർ എന്നീ ഏഴ് മുനിസിപ്പൽ കോർപറേഷനുകളിലെ മേയർമാരെയും വാർഡ് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് മാർച്ച് രണ്ടിനാണ് നടന്നത്.
അംബാല, സോണിപത്ത് എന്നിവിടങ്ങളിലെ മേയർ സ്ഥാനങ്ങളിലേക്കും 21 മുനിസിപ്പൽ കമ്മിറ്റികളിലെ പ്രസിഡന്റുമാർക്കും വാർഡ് അംഗങ്ങൾക്കും വേണ്ടിയുള്ള തെരഞ്ഞെടുപ്പും അന്ന് തന്നെ നടന്നു. പാനിപ്പത്ത് മുനിസിപ്പൽ കോർപറേഷനിൽ മേയറെയും 26 കൗൺസിലർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് മാർച്ച് ഒമ്പതിനാണ് നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.