പ്രവാചക നിന്ദ: അറസ്റ്റിലായ എം.എൽ.എയെ ബി.ജെ.പി സസ്പെൻഡ് ചെയ്തു
text_fieldsഹൈദരാബാദ്: പ്രവാചക നിന്ദ കേസിൽ അറസ്റ്റിലായ എം.എൽ.എയെ ബി.ജെ.പി സസ്പെൻഡ് ചെയ്തു. തെലങ്കാനയിലെ മുതിര്‍ന്ന നേതാവും ഗോഷാമഹൽ എം.എൽ.എയുമായ ടി. രാജാ സിങ്ങിനെയാണ് അറസ്റ്റിന് പിന്നാലെ പാര്‍ട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. പാർട്ടിയിൽനിന്ന് പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 10 ദിവസത്തിനകം അറിയിക്കണമെന്നും ദേശീയ അച്ചടക്കസമിതി മെംബര്‍ സെക്രട്ടറി ഒ.എം പഥക് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ച എം.എൽ.എക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
യുട്യൂബ് ചാനലിലൂടെയാണ് പ്രവാചകനും മുസ്‍ലിം സമുദായത്തിനുമെതിരെ രാജാ സിങ് പരാമർശം നടത്തിയത്. നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന രാജാ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഹൈദരാബാദ് പൊലീസ് കമീഷണർ സി.വി ആനന്ദിന്റെ ഓഫിസിന് പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.

