ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; മൂന്നിൽ രണ്ടിലും തോറ്റു
text_fieldsബിഹാർ ബങ്കിപൂരിലെ അട്ടിമറി ജയത്തിനുശേഷം അനുയായികളെ അഭിവാദ്യം ചെയ്യുന്ന ജൻ സുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ച ജെൻ സി പ്രക്ഷോഭത്തിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ ഉപ തെരഞ്ഞെടുപ്പുകളിൽ രണ്ടിടത്തും പാർട്ടിക്ക് കനത്ത തോൽവി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ബി.ജെ.പി കോട്ടയായ ബിഹാറിലെ ബങ്കിപൂരിൽ വൻ അട്ടിമറി ജയം നേടി. ബി.ജെ.പി അനായാസ ജയം പ്രതീക്ഷിച്ച മധ്യപ്രദേശിൽ ദതിയ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് അപ്രതീക്ഷിത ജയം നേടി. ഗുജറാത്തിലെ മഞ്ചൽപൂർ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്.
പ്രശാന്ത് കിഷോർ കന്നി മത്സരത്തിലാണ് 19,324 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പി സ്ഥാനാർഥി നീരജ് കുമാറിനെ പരാജയപ്പെടുത്തിയത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ എം.എൽ.എ സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് മത്സരിച്ചതിനെ തുടർന്നാണ് ബങ്കിപൂരിൽ ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1995നു ശേഷം ബി.ജെ.പിയെ കൈവിട്ടിട്ടില്ലാത്ത ഈ മണ്ഡലത്തിൽ നിന്ന് നിതിൻ നബിൻ അര ലക്ഷം വോട്ടിന് ജയിച്ച മണ്ഡലമാണിത്.
കോൺഗ്രസ് എം.എൽ.എ രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ദതിയയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസ് സ്ഥാനാർഥി ഘൻശ്യാം സിങ് 6016 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പിയുടെ അശുതോഷ് തിവാരിയെ തോൽപിച്ച് മണ്ഡലം നിലനിർത്തി. ആഭ്യന്തര പ്രശ്നങ്ങൾ മൂലം കോൺഗ്രസ് കൈവിട്ടുവെന്ന് ഉറപ്പിച്ച മണ്ഡലത്തിലാണ് ബി.ജെ.പിയുടെ അപ്രതീക്ഷിത തോൽവി.
ബി.ജെ.പിയിലെ യോഗേഷ് പട്ടേലിന്റെ മരണത്തെ ത്തുടർന്ന് ഒഴിവുവന്ന ഗുജറാത്തിലെ മഞ്ചൽപൂരിൽ ബി.ജെ.പിയുടെ സതേന്ദ്ര ഭായ് പട്ടേൽ 30,630 വോട്ടുകൾക്ക് ജയിച്ചു. കോൺഗ്രസിന്റെ ഭിഖാഭായ് റാബറിയെയാണ് (24,851 വോട്ട്) പട്ടേൽ തോൽപ്പിച്ചത്. നോട്ടക്ക് 2247 വോട്ട് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

