തൊഴിലുറപ്പ് പദ്ധതി ജൂലൈ മുതൽ അടിമുടി മാറുന്നു; വ്യവസ്ഥകളിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാനങ്ങളും രംഗത്ത്
text_fieldsവിബി-ജി റാം ജി
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി ജൂലൈ ഒന്നു മുതൽ നിലവിൽ വരുന്ന 'വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ' പദ്ധതിയിലെ സാമ്പത്തിക ബാധ്യതയിൽ കടുത്ത അതൃപ്തിയുമായി വിവിധ സംസ്ഥാനങ്ങൾ. ബി.ജെ.പി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളടക്കം മൂന്ന് സംസ്ഥാനങ്ങളാണ് പുതിയ ഫണ്ടിങ് രീതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചത്.
പുതിയ പദ്ധതി പ്രകാരം 60:40 എന്ന അനുപാതത്തിലാണ് കേന്ദ്രവും സംസ്ഥാനങ്ങളും ചെലവ് പങ്കിടേണ്ടത്. മുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ കൂലി ചെലവ് പൂർണമായും കേന്ദ്രമാണ് വഹിച്ചിരുന്നത്. മെറ്റീരിയൽ ചെലവുകളിൽ മാത്രമായിരുന്നു സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടായിരുന്നത്. ഇത് ആകെ ബജറ്റിന്റെ 10 ശതമാനം മാത്രമായിരുന്നു. എന്നാൽ പുതിയ രീതി സംസ്ഥാനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് വിലയിരുത്തൽ.
നാഷണൽ കാമ്പയിൻ ഫോർ പീപ്പിൾസ് റൈറ്റ് ടു ഇൻഫർമേഷൻ വിവരാവകാശ നിയമപ്രകാരം നേടിയ മറുപടിയിലാണ് ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഫണ്ടിങ് രീതിയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടത്. 125 ദിവസത്തെ തൊഴിലിനായി സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത വലിയ തോതിൽ വർധിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ബിഹാറിന്റെ ബാധ്യത 4,477 കോടിയിൽ നിന്ന് 15,939 കോടിയായും, മധ്യപ്രദേശിന്റേത് 4,168 കോടിയിൽ നിന്ന് 20,037 കോടിയായും ജാർഖണ്ഡിന്റേത് 1,804 കോടിയിൽ നിന്ന് 9,293 കോടിയായും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
13 സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വിവരാവകാശ രേഖയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങൾ വേതന നിരക്കിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വേതനം വിപണി നിരക്കിനേക്കാൾ കുറവാണെന്നാണ് ഇവരുടെ വാദം. കാർഷിക സീസണുകളിൽ 60 ദിവസത്തേക്ക് തൊഴിൽ നിർത്തിവെക്കാനുള്ള വ്യവസ്ഥയെ നാല് സംസ്ഥാനങ്ങൾ എതിർത്തിട്ടുണ്ട്. പേയ്‌മെന്റുകൾ വൈകുന്നതിനെതിരെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും പരാതി ഉന്നയിച്ചിട്ടുണ്ട്.
90:10 എന്ന നിലവിലെ അനുകൂല അനുപാതത്തിൽ ഫണ്ട് ലഭിക്കുന്ന സിക്കിം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും പുതിയ വ്യവസ്ഥകളിൽ പുനഃപരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകതകൾ ചൂണ്ടിക്കാട്ടി വേതനത്തിന്റെ മുഴുവൻ തുകയും കേന്ദ്രം തന്നെ നൽകണമെന്ന് ഉത്തരാഖണ്ഡ് ആവശ്യപ്പെട്ടു.
ഗ്രാമീണ കുടുംബങ്ങൾക്ക് പ്രതിവർഷം 125 ദിവസം തൊഴിൽ ഉറപ്പാക്കുക എന്നതാണ് വിബി-ജി റാം ജിയുടെ ലക്ഷ്യം. എന്നാൽ കേന്ദ്രം നിശ്ചയിക്കുന്ന പരിധിക്ക് മുകളിലുള്ള മുഴുവൻ ചെലവും സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരുന്നത് വലിയ വെല്ലുവിളിയാകുമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

