രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെ പ്രകീർത്തിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെ പ്രകീർത്തിച്ച് ബി.ജെ.പി. പാർട്ടി സംസ്ഥാന അധ്യക്ഷ ശാരദ ദേവിയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ സന്ദർശനത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയത്. വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ് അവരുടെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ അഭിനന്ദിക്കുകയാണെന്ന് അവർ പറഞ്ഞു.
ഈയൊരു ഘട്ടത്തിൽ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് എല്ലാവരും ഊന്നൽ നൽകേണ്ടത്. സംഘർഷത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അവർ നിർദേശിച്ചു. അതേസമയം, മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശാരദ ദേവി പറഞ്ഞു.
ജനങ്ങൾക്ക് മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്. അവർ മുഖ്യമന്ത്രിയെ പിന്തുണക്കാൻ മുന്നോട്ട് വരികയാണ്. മണിപ്പൂരിലെ സ്ഥിതി മെച്ചപ്പെടുമെന്ന് അവർ പ്രതീക്ഷിക്കുന്നു. മണിപ്പൂരിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണം മുൻ സർക്കാറുകളുടെ ചെയ്തികളാണെന്നും പാർട്ടി അധ്യക്ഷ പറഞ്ഞു.

