വിഭാഗീയ ഇതളുകൾ വിതറി ബി.ജെ.പി വിജയ സങ്കൽപ യാത്ര
text_fieldsവാർത്ത സമ്മേളനത്തിൽ വിതുമ്പുന്ന എം.പി.കുമാരസ്വാമി എംഎൽഎ
മംഗളൂരു: മുൻ മുഖ്യമന്ത്രിയും ബി.ജെ.പി കർണാടക മുൻ അധ്യക്ഷനും പാർട്ടി ദേശീയ പാർലിമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യെദിയൂരപ്പ എം.എൽ.എ സഞ്ചരിച്ച കാർ വളഞ്ഞ് സ്വന്തം അണികൾ ഗോബാക്ക് വിളിക്കുക, ഈ കാഴ്ചയിൽ ഊറിച്ചിരിച്ച് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സി.ടി. രവി എം.എൽ.എയും അനുയായികളും അർമാദിക്കുക, റാലിയും റോഡ്ഷോയും നിറുത്തി വെച്ച് പ്രവർത്തകരും നേതാക്കളും പിരിഞ്ഞതോടെ വേദിയിൽ പരിപാടികൾ അവതരിപ്പിക്കാൻ വന്ന് പെരുവഴിയിലായ കലാകാരന്മാർ വണ്ടിക്കൂലിക്കും ആഹാരത്തിനും വകയില്ലാതെ കരയേണ്ടി വരിക-സങ്കൽപിക്കാൻ പോലും കഴിയാത്ത സംഭവങ്ങളാണ് കേന്ദ്രവും കർണാടകയും ഭരിക്കുന്ന ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംഘടിപ്പിച്ച വിജയ സങ്കൽപ യാത്രയുടെ പ്രയാണത്തിനിടെ ചിക്കമംഗളൂറു മുഡിഗെരെയിൽ വ്യാഴാഴ്ച സന്ധ്യയിൽ അരങ്ങേറിയത്.
ഈ സംഭവത്തോട് വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുമ്പോൾ മുഡിഗെരെ എം.എൽ.എ എം.പി. കുമാരസ്വാമി വിതുമ്പുന്നുണ്ടായിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മുഡിഗെരെയിൽ സിറ്റിങ് എം.എൽ.എയെ സ്ഥാനാർഥിയാക്കരുതെന്ന ആവശ്യവുമായാണ് സി.ടി. രവി അനുയായികൾ യെദിയൂരപ്പയെ തടഞ്ഞത്.
പ്ലക്കാർഡുകൾ ഉയർത്തി വളഞ്ഞ നൂറുകണക്കിന് പ്രവർത്തകർ ബോലോ ഭാരത് മാതാ കീ ജയ് വിളിക്ക് പിറകെ എൺപതുകാരനായ നേതാവിനോട് ഗോ ബാക്ക് പറഞ്ഞു. "ബേഡാ ബേഡാ കുമാര സ്വാമി ബേഡാ ബേഡ" മുദ്രാവാക്യം കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം സംഘർഷകലുഷമാവുന്നതിനിടെ റോഡ്ഷോയും റാലിയും നിറുത്തിവെച്ചതായി അറിയിപ്പ് വന്നു.
കർണാടക മന്ത്രി സ്ഥാനത്ത് നിന്ന് സി.ടി. രവിയെ മാറ്റി പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി ഒതുക്കിയപ്പോൾ തന്നെ രാഷ്ട്രീയ നിരീക്ഷകർ മുന്നിൽ കണ്ടതാണ് ഇതെല്ലാം എന്ന് പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് യെദിയൂരപ്പ താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. താൻ പ്രതിനിധാനം ചെയ്യുന്ന ഷിവമോഗ്ഗ ജില്ലയിലെ ശിക്കാരിപുര മണ്ഡലത്തിൽ മകൻ ബി.വൈ. വിജയേന്ദ്രയാവും സ്ഥാനാർഥി എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തതാണ്. പിന്നാലെ വന്നു സി.ടി. രവിയുടെ പ്രതികരണം -"അങ്ങിനെ ഒരു തീരുമാനം പാർട്ടി കൈക്കൊണ്ടിട്ടില്ല".
ദലിതരെ ഉന്നമിട്ടുള്ള നീക്കങ്ങളാണ് മുഡിഗെരെ സംഭവത്തിന് പിന്നിൽ എന്ന് എം.പി. കുമാര സ്വാമി എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി സംഘടിപ്പിച്ച റാലിയും റോഡ് ഷോയും നിറുത്തി വെക്കേണ്ടിവന്നതും യെദിയൂരപ്പയുടെ ദുരനുഭവവും പരാമർശിക്കുന്നതിനിടെ അദ്ദേഹം വിങ്ങിപ്പൊട്ടി.
സാമുദായിക വിഭാഗീയത വിതച്ചാണ് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ.എസ്. ഈശ്വരപ്പ വിജയ സങ്കൽപ യാത്ര മംഗളൂരുവിൽ നിന്ന് കൊണ്ടുപോയത്. മുസ്‌ലിം ആരാധനാലയങ്ങളിൽ നിന്നുള്ള ബാങ്ക് വിളിയോടുള്ള അധിക്ഷേപം ഉടുപ്പി ജില്ലയിൽ അദ്ദേഹം ന്യായീകരിക്കുകയായിരുന്നു. യാത്ര ചിക്കമംഗളൂരുവിൽ കടന്നപ്പോൾ ആഭ്യന്തര വിഭാഗീയത മറനീക്കി തമ്മിൽ തല്ലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

