2024ലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ചെലവിട്ടത് 1,737.68 കോടി; 22 പാർട്ടികളുടെ മൊത്തം പ്രചാരണ ചെലവിന്റെ 45 ശതമാനത്തിലധികം
text_fieldsന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലും 22 രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ച മൊത്തം പ്രചാരണ ചെലവിന്റെ 45 ശതമാനത്തിലധികം ബി.ജെ.പി മാത്രം ചെലവഴിച്ചതായി റിപ്പോർട്ട്. രണ്ടാമതെത്തിയ കോൺഗ്രസ് ചെലവഴിച്ച തുകയാവട്ടെ ബി.ജെ.പി ചെലവിട്ടതിനേക്കാൾ 40 ശതമാനത്തോളം കുറവും.
1,737.68 കോടി രൂപയാണ് ബി.ജെ.പിയുടെ ആകെ തെരഞ്ഞെടുപ്പ് ചെലവ്. 22 പാർട്ടികൾ ചേർന്ന് പ്രചാരണ കാലയളവിൽ ആകെ ചെലവഴിച്ചത് 3,861.57 കോടി രൂപയും. ഇവരുടെ മൊത്തം പ്രചാരണ ചെലവിന്റെ 45 ശതമാനത്തോളം വരും ബി.ജെ.പിയുടേത്.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന് സമർപിച്ച മുഴുവൻ തെരഞ്ഞെടുപ്പ് ചെലവും വിശകലനം ചെയ്ത് കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് (സി.എച്ച്.ആർ.ഐ) നടത്തിയ പഠനം ‘ദി വയർ’ വെബ്സൈറ്റ് ആണ് പുറത്തുവിട്ടത്. 2024ൽ ലോക്‌സഭയിലെയും ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചൽ പ്രദേശ്, സിക്കിം എന്നീ നാലു നിയമസഭകളിലെയും തെരഞ്ഞെടുപ്പുകളിൽ 22 രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ച ഫണ്ടുകളെക്കുറിച്ചും ചെലവ് റിപ്പോർട്ടുകളെക്കുറിച്ചും തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക പാർട്ടികളായ ബി.ജെ.ഡി (415.21 കോടി), വൈ.എസ്.ആർ.സി.പി (328.63 കോടി), ഡി.എം.കെ (161.07) എന്നിവ പ്രചാരണത്തിന് ഏറ്റവും കൂടുതൽ തുക ചെലവിട്ട മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങളിൽ എത്തി. 147.68 കോടി രൂപ ചെലവഴിച്ച തൃണമൂൽ ആറാമതായി.
കേബിൾ ടി.വി, സാറ്റലൈറ്റ് അധിഷ്ഠിത ടി.വി ചാനലുകൾ, വെബ്‌സൈറ്റുകൾ എന്നിവയുൾപ്പെടെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പരസ്യങ്ങൾ നൽകുന്നതിനും ബൾക്ക് എസ്.എം.എസ് വാങ്ങുന്നതിനും റിപ്പോർട്ട് ചെയ്യപ്പെട്ട ചെലവുകളിൽ 22 രാഷ്ട്രീയ പാർട്ടികൾ മൊത്തം 992.48 കോടി രൂപ ചെലവഴിച്ചു. കുറഞ്ഞത് 684.57 കോടി രൂപ മാധ്യമ പരസ്യത്തിന് മാത്രമായി ബി.ജെ.പി ചെലവഴിച്ചതായും ഡേറ്റ വെളിപ്പെടുത്തുന്നു.
സോഷ്യൽ മീഡിയ ചെലവിന്റെ കാര്യത്തിൽ 83.03 കോടി രൂപ ചെലവഴിച്ച് ബി.ജെ.ഡി മുന്നിലെത്തി. തൊട്ടുപിന്നാലെ ഡി.എം.കെ 50.26 കോടി രൂപയും കോൺഗ്രസ് 47.69 കോടി രൂപയും ജെ.ഡി.യു 7.43 കോടി രൂപയും ചെലവഴിച്ചതായി റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന അഞ്ചാമത്തെ പാർട്ടിയായാണ് കമീഷന്റെ സൈറ്റിൽ ബി.ജെ.പി. 6.94 കോടി രൂപയാണ് ഈ ഇനത്തിൽ അവർ ചെലവഴിച്ചത്.
ബി.ജെ.പി തങ്ങളുടെ സ്റ്റാർ കാമ്പെയ്‌നർമാരുടെ യാത്രകൾക്കായി കുറഞ്ഞത് 389.24 കോടി രൂപയും മറ്റ് പാർട്ടി നേതാക്കളുടെ യാത്രകൾക്കായി 12.26 കോടി രൂപയും ചെലവഴിച്ചുവെന്ന് പഠനം പറയുന്നു. എന്നാൽ ഈ വിഭാഗത്തിലുള്ള പാർട്ടിയുടെ ചെലവ് ഗോവ, കർണാടക, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് തിട്ടപ്പെടുത്താൻ കഴിയാത്തതിനാൽ കണക്കുകൾ ഭാഗികമാണെന്നും കൂട്ടിച്ചേർത്തു.
ഈ അപൂർണമായ കണക്കുകളിൽ പോലും 22 രാഷ്ട്രീയ പാർട്ടികൾ മൊത്തത്തിൽ പ്രഖ്യാപിച്ച സ്റ്റാർ കാമ്പെയ്‌നർമാരുടെ യാത്രാ ചെലവിന്റെ 47ശതമാനത്തിലധികവും ബി.ജെ.പി.യുടെതാണെന്ന് കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയുടെ മുൻനിര സ്റ്റാർ കാമ്പെയ്‌നർ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവ് പട്ടികയിൽ ഇല്ലെന്നും പഠനം പറയുന്നു. അദ്ദേഹത്തിന്റെ വിമാന യാത്രാ ചെലവ് കേന്ദ്ര സർക്കാർ വഹിച്ചതായി കരുതപ്പെടുന്നുവെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.