വെറുപ്പ് തുപ്പിയ പോസ്റ്റുകൾ മുക്കി ‘നല്ല പിള്ളയാകാൻ’ ബി.ജെ.പിയുടെ പുതിയ സോഷ്യൽ മീഡിയ കോർഡിനേറ്റർമാർ
text_fieldsന്യൂഡൽഹി: വെറുപ്പും വിദ്വേഷവും ഇസ്‌ലാമോഫോബിയയും പ്രചരിപ്പിക്കുന്ന തങ്ങളുടെ മുൻകാല പോസ്റ്റുകൾ മുക്കി പുതുതായി നിയമിതരായ ബി.ജെ.പിയുടെ നാല് സോഷ്യൽ മീഡിയ കോ-കൺവീനർമാർ. ഇവരുടെ എക്സ് അക്കൗണ്ടുകൾ അപ്രത്യക്ഷമാകുകയോ അവയിലെ പോസ്റ്റുകൾ ലഭ്യമാകുകയോ ചെയ്യുന്നില്ല. ഇത് സംബന്ധിച്ച് ‘ആൾട്ട് ന്യുസ്’ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
ബി.ജെ.പിയുടെ ദേശീയ ഭാരവാഹികളുടെ പുനഃസംഘടനയുടെ ഭാഗമായാണ് ദേശീയ പ്രസിഡന്റ് നിതിൻ നബിൻ പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചത്. പ്രീതി ഗാന്ധി, ശിവാനന്ദ് ദ്വിവേദി, അലോക് ഭട്ട്, അരുൺ യാദവ് എന്നിവരെയാണ് മീഡിയ കോ-കൺവീനർമാരായി നിയമിച്ചത്.
തുടക്കത്തിൽ പ്രീതി ഗാന്ധിയുടെ പ്രൊഫൈൽ ലഭ്യമായിരുന്നെങ്കിലും ടൈംലൈനിൽ സമീപകാല പോസ്റ്റുകളൊന്നും കാണാനുണ്ടായിരുന്നില്ല. ഇത് ട്വീറ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടതായി സൂചിപ്പിച്ചു. തൊട്ടുപിന്നാലെ ‘അക്കൗണ്ട് നിലവിലില്ല’ എന്ന എക്സിന്റെ അറിയിപ്പ് വരികയും പ്രൊഫൈൽ പൂർണ്മായും അപ്രത്യക്ഷമാവുകയും ചെയ്തു.
അലോക് ഭട്ടിന്റെ എക്സ് അക്കൗണ്ട് പൂർണമായും ഡീആക്റ്റിവേറ്റ് ചെയ്യപ്പെട്ടു. അരുൺ യാദവ് അക്കൗണ്ട് പൂർണമായും പ്രൈവറ്റ് ആക്കി മാറ്റി. ശിവാനന്ദ് ദ്വിവേദിയുടെ അക്കൗണ്ട് വീണ്ടും ലഭ്യമായിത്തുടങ്ങിയെങ്കിലും ആകെ പോസ്റ്റുകളുടെ എണ്ണം 10,800ൽനിന്ന് 10,200 ആയി കുറഞ്ഞു. ഏകദേശം 600ഓളം പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതായി ഇത് വ്യക്തമാക്കുന്നു.
2015 മുതൽ പാർട്ടിയുടെ സോഷ്യൽ മീഡിയ കൺവീനറായി പ്രവർത്തിച്ചിരുന്ന അമിത് മാളവ്യക്ക് പകരം ദീപക് മ്ഹാസ്‌കെയാണ് പുതിയ കൺവീനറായി ചുമതലയേറ്റത്.ആഗസ്റ്റ് 18വരെ വെരിഫൈഡ് അല്ലാത്ത ദീപക് മ്ഹാസ്‌കെയുടെ എക്സ് അക്കൗണ്ടിൽ (@deepakmhaskey) നിന്നും വലിയതോതിൽ പോസ്റ്റുകൾ നീക്കം ചെയ്തതായി വ്യക്തമായ സൂചനയുണ്ട്.
ആഗസ്റ്റ് 17 വൈകുന്നേരം 5.19വരെ 6,905 പോസ്റ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 5,563 പോസ്റ്റുകൾ മാത്രമാണുള്ളത്, അതായത് 1,342 പോസ്റ്റുകളുടെ കുറവ്. പുതിയ ചുമതല ഏറ്റെടുത്തതിനെക്കുറിച്ച് ആഗസ്റ്റ് 17ന് പങ്കുവെച്ച രണ്ട് പോസ്റ്റുകൾ മാത്രമാണ് നിലവിൽ ദീപകിന്റെ ടൈംലൈനിൽ കാണാൻ കഴിയുന്നത്.
കോ കൺവീനർമാരുടെ വിവാദപരമായ ഭൂതകാലം
പുതുതായി നിയമിതരായ കോ-കൺവീനർമാരുടെ മുൻകാല ഇടപെടലുകളും വിദ്വേഷ പ്രചാരണങ്ങളും ആൾട്ട് ന്യൂസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
വർഗീയ വിഷമുള്ള പോസ്റ്റുകളും വ്യാജവിവരങ്ങളും പ്രചരിപ്പിച്ചതിന് ആൾട്ട് ന്യൂസ് പലതവണ പ്രീതി ഗാന്ധിക്കെതിരെ ഫാക്റ്റ് ചെക്ക് നടത്തിയിട്ടുണ്ട്. ‘ഗാന്ധി’ എന്നതിന് പകരം ‘ഗോഡ്‌സെ’ എന്ന് തന്റെ പേരിനൊപ്പം ചേർക്കാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്ന ട്വീറ്റ് ഉൾപ്പെടെ, നാഥുറാം ഗോഡ്‌സെക്ക് തുടർച്ചയായി പിന്തുണ നൽകുന്നതായിരുന്നു അവരുടെ എക്സിലെ ഇടപെടലുകൾ. 2014 മാർച്ചിൽ, നരേന്ദ്ര മോദിയെ പിന്തുണച്ചു വ്യാജമായ പ്രസ്താവന പ്രചരിപ്പിച്ച വ്യക്തിയായി വിക്കിലീക്സ്ഇവരെ തിരിച്ചറിഞ്ഞിരുന്നു. മോദി ‘അഴിമതിക്ക് വഴങ്ങാത്ത വ്യക്തിയാണ്’ എന്ന് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ പറഞ്ഞതായി അവകാശപ്പെടുന്ന വ്യാജ പ്രസ്താവനയും അസാഞ്ചെയുടെ വ്യാജ ഒപ്പും അടങ്ങിയ പോസ്റ്റാണ് പ്രീതി പ്രചരിപ്പിച്ചത്.
സ്ത്രീവിരുദ്ധവും മുസ്‍ലിം വിരുദ്ധവുമായ അധിക്ഷേപങ്ങൾ പരസ്യമായി പോസ്റ്റ് ചെയ്യുന്ന വ്യക്തിയാണ് അലോക് ഭട്ട്. പ്രമുഖ മാധ്യമപ്രവർത്തകയായ ബർഖാ ദത്ത് ഉൾപ്പെടെയുള്ളവരെ അദ്ദേഹം കടുത്ത ഭാഷയിൽ ആക്ഷേപിച്ചിട്ടുണ്ട്.
2017 മുതൽ 2022 മേയ് വരെയുള്ള കാലയളവിലെ ഇസ്‌ലാമോഫോബിക് (മുസ്‌ലിം വിരുദ്ധ) ട്വീറ്റുകളുടെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുയർന്നതിനെത്തുടർന്ന്, ബി.ജെ.പി ഹരിയാന ഐ.ടി സെൽ ഇൻ-ചാർജ് ആയിരുന്ന അരുൺ യാദവിനെ 2022 ജൂലൈ ഏഴിന് പദവിയിൽനിന്ന് നീക്കിയിരുന്നു. ആ സമയത്ത് 1,84,000ലധികം ട്വീറ്റുകളോടെ #ArrestArunYadav ട്രെൻഡിങ് ആയിരുന്നു. യാദവിനെ നീക്കം ചെയ്തതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അറിയിച്ചിരുന്നെങ്കിലും കാരണം വ്യക്തമാക്കിയിരുന്നില്ല.
ചുരുക്കത്തിൽ, വെറുപ്പും വിദ്വേഷവും ഇസ്‌ലാമോഫോബിയയും പ്രചരിപ്പിച്ച തങ്ങളുടെ മുൻകാല പോസ്റ്റുകളും അക്കൗണ്ടുകളും മറച്ചുവെച്ച് ‘നല്ല പിള്ള ചമയാൻ’ നടത്തുന്ന ബി.ജെ.പിയുടെ പുതിയ സോഷ്യൽ മീഡിയ ടീമിന്റെ നീക്കങ്ങളായാണ് ഇതിനെ നിരീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

