'കോൺഗ്രസ്സ് പുതിയ മുസ്‌ലിം ലീഗായി മാറി'; വന്ദേ മാതരം വിവാദത്തിൽ കടന്നാക്രമിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ
text_fieldsനിതിൻ നബിൻ
ന്യൂഡൽഹി: പാർട്ടി പരിപാടികളിൽ വന്ദേ മാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോൺഗ്രസ് 'പുതിയ മുസ്‌ലിം ലീഗ്' ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തക സമിതി 1937-ലെ നിലപാട് ആവർത്തിച്ച് വന്ദേമാതരത്തിലെ ആദ്യ രണ്ട് ഭാഗങ്ങൾ മാത്രം ആലപിക്കാൻ തീരുമാനമെടുത്തതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം. ഭാരതമാതാവിനോടുള്ള ഈ അനാദരവ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ആയിരക്കണക്കിന് രക്തസാക്ഷികളോടുള്ള അവഹേളനമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
സ്വാതന്ത്ര്യദിനാഘോഷ വേളയിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ ഉയർന്ന വിവാദങ്ങളെ മുൻപ് കോൺഗ്രസ് 'യാദൃശ്ചികം' എന്ന് പറഞ്ഞ് ലഘൂകരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതേ അനാദരവ് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക പാർട്ടി നയമാക്കി മാറ്റിയിരിക്കുകയാണെന്ന് നിതിൻ നബിൻ ആരോപിച്ചു. ഇത് കേവലം ഒരു രാഷ്ട്രീയ നിലപാടല്ലെന്നും വോട്ട് ബാങ്കിനായി രാജ്യത്തിന്റെ ആത്മാഭിമാനം പണയപ്പെടുത്തുന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിനാഘോഷ വേളയിൽ കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നതിനിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും തമ്മിൽ സംസാരിച്ചുവെന്നാരോപിച്ച് ബിജെപി നേരത്തെ പരസ്യ മാപ്പപേക്ഷ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, കേന്ദ്ര സർക്കാർ വന്ദേമാതരം പൂർണമായി ആലപിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ കൊണ്ടുവന്ന പശ്ചാത്തലത്തിൽ കൂടിയാണ് 1937-ൽ മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും സർദാർ വല്ലഭ്ഭായ് പട്ടേലും ഉൾപ്പെട്ട നേതൃത്വം കൈക്കൊണ്ട നിലപാടിൽ ഉറച്ചുനിൽക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചത്.
പാർട്ടി പരിപാടികളിൽ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന പാരമ്പര്യം തുടരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയതിന് പിന്നാലെ ഇരു പാർട്ടികളും തമ്മിലുള്ള വാഗ്വാദം രൂക്ഷമാവുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസിനുണ്ടെന്ന് അവകാശപ്പെടുന്ന പാരമ്പര്യത്തെ ഇത്തരം നിലപാടുകൾ റദ്ദാക്കുകയാണെന്നും, ദേശീയ ചിഹ്നങ്ങളോടും ഗാനങ്ങളോടുമുള്ള കോൺഗ്രസിന്റെ സമീപനം വ്യക്തമാക്കുന്നതാണ് ഈ തീരുമാനമെന്നും ബിജെപി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

