‘ബി.ജെ.പി സ്വന്തം ചരിത്രം പഠിക്കണം’: കോൺഗ്രസ് വന്ദേമാതരം ആലപിക്കുമ്പോൾ ബി.ജെ.പിയുടെ മുൻഗാമികൾ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യുകയായിരുന്നുവെന്ന് മല്ലികാർജ്ജുൻ ഖാർഗെ
text_fieldsമല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: 1921ൽ കോൺഗ്രസ് വന്ദേമാതരം ആലപിക്കുമ്പോൾ ബി.ജെ.പിയുടെ മുൻഗാമികൾ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യുകയായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ. 1921ൽ നിസഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ജയിലിലാവുന്ന സമയത്ത് ബി.ജെ.പിയുടെ പൂർവികർ ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്ന് ഖാർഗെ പറഞ്ഞു.
‘വന്ദേമാതരം’ ദേശീയ ഗീതത്തിന്റെ 150-ാം വാർഷികത്തിൽ രാജ്യസഭയിൽ സംസാരിക്കവെയാണ് ഖർഗെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയത്. സ്വാതന്ത്രസമര കാലത്ത് വന്ദേമാതരം മുദ്രാവാക്യമായി ഉയർത്തിയത് കോൺഗ്രസാണ്.
‘എല്ലാക്കാലവും സ്വാതന്ത്ര പോരാട്ടങ്ങൾക്കും ദേശഭക്തി ഗാനങ്ങൾക്കും എതിരുനിന്നതാണ് ബി.ജെ.പിയുടെ ചരിത്രം. മഹാത്മാ ഗാന്ധി 1921ൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ കോൺഗ്രസിൽ നിന്ന് ലക്ഷക്കണക്കിന് സ്വാതന്ത്രസമര പോരാളികൾ വന്ദേമാതരം ഉരുവിട്ട് ജയിലിലേക്ക് പോയി. നിങ്ങളെന്തായിരുന്നു ചെയ്തത്? നിങ്ങൾ ബ്രിട്ടീഷുകാർക്ക് വേണ്ടി പണിയെടുക്കുകയായിരുന്നു,’ഖാർഗെ പറഞ്ഞു.
‘ജവഹർ ലാൽ നെഹ്റുവിനെ അപമാനിക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാഴാക്കാറില്ല. ആഭ്യന്തര മന്ത്രി അമിത് ഷായും ഇതേ പാത പിന്തുടരുന്നു,’ ഖാർഗെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കേട്ടിരുന്നു. 1937ൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മുസ്‍ലിം ലീഗിന്റെ ഭീഷണിക്ക് വഴങ്ങി വന്ദേമാതരത്തിൽ നിന്ന് സുപ്രധാന ചരണങ്ങൾ നീക്കിയതായി പ്രധാനമന്ത്രി ആരോപിച്ചു.
പൂർവികനായ ശ്യാമപ്രസാദ് മുഖർജി മുസ്‍ലിം ലീഗുമായി ചേർന്ന് ബെംഗാളിൽ സർക്കാർ രൂപീകരിച്ചപ്പോൾ ബി.ജെ.പിയുടെ ദേശസ്നേഹം എവിടെപ്പോയിരുന്നുവെന്ന് ചോദിച്ച ഖാർഗെ ഇപ്പോൾ ബി.ജെ.പിക്കാർ ഇങ്ങനത്തെ ആരോപണങ്ങളുമായാണ് രംഗത്തുവരുന്നതെന്ന് പരിഹസിച്ചു. ഷാങ്ഹായിൽ അരുണാചൽപ്രദേശ് സ്വദേശിനിയെ ചൈനീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി അപമാനിച്ച സംഭവത്തിൽ മോദി മൗനം വെടിയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

