മുംബൈ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കാൻ ശിവസേനാ തീരുമാനം. ഇതു സംബന്ധിച്ച പ്രമേയം മുംബൈ ചേർന്ന പാർട്ടി ദേശീയ നിർവാഹക സമിതി യോഗം അംഗീകരിച്ചു. വരുന്ന വർഷം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനും യോഗം നീരുമാനിച്ചിട്ടുണ്ട്.
ഉദ്ദവ് താക്കറെയെ വീണ്ടും സേനാ തലവനായും ഉദ്ദവിന്‍റെ മകനും യുവസേനാ തലവനുമായ ആദിത്യ താക്കറെയെ പാർട്ടി നേതാവായും ദേശീയ നിർവാഹക സമിതി തെരഞ്ഞെടുത്തു.
പുതിയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുമായുള്ള ബന്ധം ശിവസേന അവസാനിപ്പിക്കും. അങ്ങനെയാണെങ്കിൽ 29 വർഷം നീണ്ട ശിവസേന-ബി.ജെ.പി ബന്ധത്തിനാണ് അന്ത്യമാകുന്നത്. 1989ലാണ് സേനാ ബി.ജെ.പിയുടെ സഖ്യ കക്ഷിയായത്.
മഹാരാഷ്ട്രയിൽ അധികാരത്തിലേറിയ നാൾ മുതൽ ശിവസേനയെ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കാനുള്ള നീക്കങ്ങൾ ബി.ജെ.പി നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും പ്രവർത്തകരെ പിടിച്ചു നിർത്തുന്നതിനുമായി ശക്തമായ ബി.ജെ.പി വിരുദ്ധ പ്രചരണങ്ങൾ സേനാ അധ്യക്ഷൻ ഉദ്ദവ് താക്കറെ നടത്തിവരികയാണ്.
ഇന്ധന വില, നോട്ട് നിരോധനം, ജി.എസ്.ടി അടക്കം ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളുടെ ഭാരം പാർട്ടിക്ക് ചുമക്കാനാകില്ലെന്നും തങ്ങളുടെ എം.എൽ.എമാരുടെ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ സർക്കാർ തടസമാകുന്നുവെന്നും ആരോപിച്ച് ശിവസേന രംഗത്തു വന്നിരുന്നു. കൂടാതെ, ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ തിരിച്ചടി ഗുജറാത്ത് മോഡലിന്‍റെ പരാജയമാണെന്നും ഹിന്ദു മുസ്ലിം വിഭാഗീയതയാണ് തെരഞ്ഞെടുപ്പ് വിഷയമാക്കിയതെന്നും ഉദ്ദവ് താക്കറെ ആരോപിച്ചിരുന്നു. മോദി ഭരണത്തെ നാസി ഭരണവുമായാണ് ഉദ്ദവ് താരതമ്യം ചെയ്തത്.
1996 ജൂൺ 19നാണ് ബാൽ താക്കറെ മറാത്തി വാദം ഉയർത്തി ഛത്രപതി ശിവാജിയുടെ സേന എന്ന അർഥത്തിൽ ശിവസേന എന്ന സംഘടന രൂപീകരിച്ചത്. മഹാരാഷ്ട്ര മറാഠികളുടേതാണ് മുംബൈ കുടിയേറ്റക്കാരുടെതല്ല എന്ന വാദമായാണ് സേനാ ഉയർത്തുന്നത്. തുടർന്ന് സംഘടനയെ രാഷ്ട്രീയ പാർട്ടി രൂപംമാറ്റി. 1989ൽ ബി.ജെ.പിയുടെ സഖ്യ കക്ഷിയായി. 1995ൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പിൽ ശിവസേന-ബി.ജെ.പി സഖ്യം 138 സീറ്റ് നേടി അധികാരത്തിലേറി.
എന്നാൽ, 1999 മുതലുള്ള തെരഞ്ഞടുപ്പുകളിൽ ശിവസേന-ബി.ജെ.പി സഖ്യത്തിന് മഹാരാഷ്ട്രയിൽ ഭരണം പിടിക്കാനായില്ല. എൻ.ഡി.എയുടെ ഭാഗമായിരിക്കെ രാഷ്ട്രപതി തെരഞ്ഞടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രതിഭാ പാട്ടീലിനെയും പ്രണബ് കുമാർ മുഖർജിയെയും പിന്തുണച്ചു. എന്നാൽ, 2009ൽ നിയമസഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പി മുന്നേറ്റത്തിൽ ശിവസേനാ 63 സീറ്റുമായി പിന്നിലായി.