സി.ജെ.പി തിരംഗമാർച്ചിനെ ഭയന്ന് കേന്ദ്രം; 11 പേരേ പങ്കെടുക്കാവൂ എന്ന് ഡൽഹി പൊലീസ്, സെൻട്രൽ പാർക്ക് അടച്ചു
text_fieldsന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച തിരംഗമാർച്ച് ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കും. മാർച്ചിനെ ഭയന്ന കേന്ദ്രസർക്കാർ തടയാൻ കടുത്ത നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയത്. പ്രതിഷേധ റാലി നടക്കുന്ന കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടച്ചിട്ടു. മാർച്ചിൽ 11 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും ഡൽഹി പൊലീസ് സംഘാടകരെ അറിയിച്ചു.
കൊണാട്ട് പ്ലേസിലും സമീപ പ്രദേശങ്ങളിലും ബിഎൻഎസിലെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ നിലവിലുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ്, പൊതുജനങ്ങളോട് ഇവിടെ ഒത്തുചേരരുതെന്ന് അറിയിച്ചു. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ, ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും പരിപാടി നിശ്ചയിച്ചതുപോലെ നടക്കുമെന്നും സി.ജെ.പി നേതാവ് രത്നസിങ് അറിയിച്ചു. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ത്രിവർണ്ണ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരാനാണ് അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തത്.
ത്രിവർണ പതാകയെ എന്തിനാണ് തടയുന്നതെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ചോദിച്ചു. ‘ഞങ്ങൾ 100 സ്ഥലങ്ങളിൽ തിരംഗ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചാൽ, നരേന്ദ്ര മോദി ഈ 100 സ്ഥലങ്ങളും അടച്ചിടുമോ? പതാകയെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണോ? സ്വന്തം റാലിയിലെ ത്രിവർണ പതാകയെ മോദി തടയുമോ? തിരംഗ മാർച്ച് എന്തായാലും നടക്കും’ -ദിപ്കെ പറഞ്ഞു.
അതേസമയം, കൊണാട്ട്പ്ലേസിൽ പ്രത്യേക സ്ഥലത്ത് പതാകയുമായി കുറച്ചുനേരം പ്രതിഷേധിക്കാൻ 11 പേർക്ക് അനുവാദം നൽകുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പങ്കെടുക്കുന്ന 11 നേതാക്കളുടെ പേര് നൽകാൻ നിർദ്ദേശം നൽകി. മാർച്ച് തടയാൻ കനത്ത സുരക്ഷാസന്നാഹമാണ് ഏർപ്പെടുത്തിയത്. സെൻട്രൽ പാർക്കിന് ചുറ്റും 6000 പൊലീസുകാരെ വിന്യസിക്കും. പൊതുജനങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കുചേരരുത് എന്നും ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് സിജെപിയെ തടയാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചിരുന്നു. ഇതോടെയാണ് നിയന്ത്രണം കടുപ്പിച്ച് കുറച്ചു പേരെ പ്രതിഷേധിക്കാൻ അനുവദിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ഇന്നലെ രാത്രി വൈകി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സിജെപി നേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സ്വതന്ത്ര അന്വേഷണം വേണം. പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികൾ സംബന്ധിച്ചും അന്വേഷണം വേണം. സമാധാനപൂർവമായ പ്രതിഷേധവുമായി മുന്നോട്ടുപോകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

