കോൺഗ്രസ് ഹിന്ദുവിരുദ്ധത പ്രചരിപ്പിക്കുന്നതായി ബി.ജെ.പി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായുള്ള സംഭാഷണത്തിനിടെ ഹിന്ദുദേവതാ ശക്തിയെ പരാമർശിച്ച് ക്രിസ്ത്യൻ പുരോഹിതൻ നടത്തിയ പരാമർശത്തിന്റെ വിഡിയോ ഉദ്ധരിച്ച് കോൺഗ്രസ് ഹിന്ദുവിരുദ്ധത പ്രചരിപ്പിക്കുന്നതായി ആരോപിച്ച് ബി.ജെ.പി. ജോർജ് പൊന്നയ്യ എന്ന പുരോഹിതൻ 'യേശു മനുഷ്യനായി വെളിപ്പെട്ട യഥാർഥ ദൈവമാണെന്നും 'ശക്തി'യെപ്പോലെ അല്ലെന്നും' പറയുന്ന വിഡിയോ ആണ് ബി.ജെ.പി നേതാക്കൾ ട്വിറ്ററിൽ പങ്കുവെച്ചത്.
ആദ്യമായല്ല കോൺഗ്രസ് ഹിന്ദുവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതെന്നും നേരത്തേ അവർ രാമന്റെ അസ്തിത്വംതന്നെ ചോദ്യം ചെയ്തതാണെന്നുമുള്ള ബി.ജെ.പി വക്താവ് സംപിത് പത്രയുടെ ആരോപണത്തെ കോൺഗ്രസ് പുച്ഛിച്ചുതള്ളി. തെരഞ്ഞെടുപ്പു സമയത്ത് രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകുന്നതായി നടിക്കുകയാണെന്നും എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഹിന്ദുവിരുദ്ധ മുഖം ഉയർന്നുവരുന്നതായും സംപിത് പത്ര ആരോപിച്ചു.
അതേസമയം, ഭാരത് ജോഡോ യാത്രയുടെ വിജയം ബി.ജെ.പിയെ നിരാശരാക്കിയെന്നും അവരുടെ വിദ്വേഷ ഫാക്ടറി കുഴപ്പം സൃഷ്ടിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. മഹാത്മ ഗാന്ധിയുടെ കൊലപാതകത്തിനും നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ കൊലപാതകങ്ങൾക്കും ഉത്തരവാദികളായ ആളുകൾ ചോദ്യങ്ങൾ ഉന്നയിക്കുന്നത് തമാശയാണെന്നും ഭാരത് ജോഡോ യാത്രയുടെ ആത്മാവിനെ തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾ ദയനീയമായി പരാജയപ്പെടുമെന്നും ഇതിന് മറുപടിയായി ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

