കരട് വോട്ടർപട്ടികയിൽ പേരില്ലെന്ന തേജസ്വി യാദവിന്റെ പ്രസ്താവന രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയെന്ന് ബി.ജെ.പി
text_fieldsതേജസ്വി യാദവ്
ന്യൂഡൽഹി: ബിഹാർ കരട് വോട്ടർപട്ടികയിൽ തന്റെ പേരില്ലെന്ന നിയമസഭ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പ്രസ്താവന രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയെന്ന് ബി.ജെ.പി. തേജസ്വി യാദവിന് രണ്ട് ഇ.പി.ഐ.സി (ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പർ) നമ്പറുകളും രണ്ട് വോട്ടർ ഐ.ഡി കാർഡുകളുമുണ്ടെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര എം.പി ആരോപിച്ചു. കരട് വോട്ടർ പട്ടികയിൽ യാദവിന്റെ പേര് കാണിച്ച് തെരഞ്ഞെടുപ്പ് കമീഷനും പട്ന ജില്ല മജിസ്ട്രേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ പത്ര പറഞ്ഞു.
കോൺഗ്രസും ആർ.ജെ.ഡിയും തെരഞ്ഞെടുപ്പ് കമീഷനെ ആക്രമിക്കുന്നത് രാജ്യത്തെതന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ്. തേജസ്വി യാദവ് മുമ്പ് മത്സരിക്കാൻ ഉപയോഗിച്ച വോട്ടർ ഐ.ഡി കാർഡ് നമ്പറിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വോട്ടർ ഐഡന്റിറ്റി കാർഡ് എങ്ങനെ ലഭിച്ചുവെന്ന് തേജസ്വി വ്യക്തമാക്കണമെന്നും സംബിത് പത്ര പറഞ്ഞു.
വോട്ടർപട്ടികയിൽനിന്ന് തന്റെ പേര് വെട്ടിയതായും ഇത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മാത്രമല്ല, പൗരനെന്ന നിലയിൽ ജീവിക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതാക്കുന്നുവെന്നും ബിഹാറിലെ പ്രതിപക്ഷ നേതാവും ആർ.ജെ.ഡി അധ്യക്ഷനുമായ തേജസ്വി യാദവ് ശനിയാഴ്ച വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. തന്റെ വോട്ടർ ഐഡന്റിറ്റി കാർഡിന്റെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പേരുള്ള പട്ടികയുടെ പകർപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസയക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

