ബങ്കിപൂർ ഉപതെരഞ്ഞെടുപ്പിൽ അവസാന നിമിഷം സ്ഥാനാർഥിയെ മാറ്റി ബി.ജെ.പി; അപ്രതീക്ഷിത നീക്കം
text_fieldsപട്ന: ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കവുമായി ബി.ജെ.പി. രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറിനെ നേരിടാൻ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയെ ബി.ജെ.പി അവസാന നിമിഷം മാറ്റി. യുവമോർച്ച നേതാവ് നീരജ് കുമാർ സിൻഹയാണ് പുതിയ സ്ഥാനാർഥി.
ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന ബി.ജെ.പി യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായ അഭിഷേക് കുമാർ സിൻഹ (ബണ്ടി) നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ മത്സരത്തിൽ നിന്ന് പിന്മാറുകയും പിന്നാലെ പാർട്ടി പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയുമായിരുന്നു. കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അഭിഷേക് സ്ഥാനാർഥിത്വം പിൻവലിച്ചത്. ‘കുടുംബപരമായ കാരണങ്ങളാൽ എനിക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. എന്നാൽ ഇനിയും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരും. ഇക്കാര്യം സംസ്ഥാന പ്രസിഡന്റ് സഞ്ജയ് സരോഗിയെ അറിയിക്കുകയും ചെയ്തു’ -അഭിഷേക് പറഞ്ഞു. പട്നയിലെ പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയ അഭിഷേക് നേതൃത്വത്തിന് നന്ദി പറഞ്ഞു. എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയാറായില്ല.
നാമനിർദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു അപ്രതീക്ഷിത നീക്കം. അഭിഷേക് പിന്മാറിയതിന് പിന്നാലെ 32 കാരനായ നീരജ് കുമാർ സിൻഹയെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി പുതിയ സ്ഥാനാർഥിയായി ഉടൻ പ്രഖ്യാപിച്ചു. അന്തരിച്ച ജനസംഘം നേതാവ് നരേന്ദ്ര ഭാരതി മണ്ഡലിന്റെ മരുമകനാണ് നീരജ്.
ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ് ഇതിനകം ദേശീയ ശ്രദ്ധ നേടിയിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷനായ നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പാർട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ബങ്കിപൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
രാഷ്ട്രീയ ഉപദേഷ്ടാവെന്ന നിലയിൽ വർഷങ്ങളോളം പ്രവർത്തിച്ച പ്രശാന്ത് കിഷോർ ആദ്യമായി നേരിട്ട് ജനവിധി തേടുന്നത് ഈ മണ്ഡലത്തിലൂടെയാണ്. അവസാന നിമിഷത്തെ സ്ഥാനാർഥി മാറ്റത്തെ തുടർന്ന് ബി.ജെ.പിക്കെതിരെ പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തി. ബി.ജെ.പി പരാജയ ഭീതിയിലാണെന്നും സ്വന്തം ശക്തികേന്ദ്രത്തിൽ പോലും ആത്മവിശ്വാസക്കുറവ് പ്രകടമാണെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു. ബി.ജെ.പിക്ക് സ്ഥാനാർഥിയെ മാറ്റേണ്ടിവന്നത് പാർട്ടിക്കുള്ളിലെ ആശയക്കുഴപ്പത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിഹാറിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്കെതിരെയും സാമ്രാട്ട് ചൗധരിയെ മുഖ്യമന്ത്രിയായി നിയമിച്ചതിൽ വോട്ടർമാരുടെ അതൃപ്തി രേഖപ്പെടുത്താനും തനിക്ക് വോട്ടുചെയ്യാൻ പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു. ‘ഞാൻ ജയിച്ചാലും വൻ ഭൂരിപക്ഷമുള്ള എൻ.ഡി.എക്ക് അധികാരം നഷ്ടപ്പെടില്ലെന്ന് അറിയാം. പക്ഷേ ജനങ്ങൾ ജെ.ഡി.യു പ്രസിഡന്റ് നിതീഷ് കുമാറിനാണ് വോട്ട് ചെയ്തത്. ബങ്കിപ്പൂരിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിലൂടെ പാർട്ടി നേതൃത്വത്തെ ജനങ്ങളുടെ അതൃപ്തി അറിയിക്കാൻ സാധിക്കും’ -പ്രശാന്ത് കിഷോർ പറഞ്ഞു.
അതേസമയം, സ്ഥാനാർഥി മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്നും അഭിഷേക് കുമാർ സിൻഹയുടെ വ്യക്തിപരമായ സാഹചര്യങ്ങളാണ് തീരുമാനത്തിന് കാരണമെന്നും ബി.ജെ.പി നേതൃത്വം വിശദീകരിച്ചു. പുതിയ സ്ഥാനാർഥിയുടെ നേതൃത്വത്തിൽ ബങ്കിപൂർ സീറ്റ് നിലനിർത്തുമെന്നും പാർട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അഭിഷേക് കുമാർ സിൻഹ സ്വന്തം ഇഷ്ടപ്രകാരം സ്ഥാനാർഥിത്വം പിൻവലിച്ചിട്ടില്ലെന്നും ബി.ജെ.പി നേതൃത്വത്തിന്റെ നിർബന്ധപ്രകാരം പിന്മാറേണ്ടി വന്നതാണെന്നും ആർ.ജെ.ഡി വക്താവ് ശക്തി യാദവ് അവകാശപ്പെട്ടു. ആർ.ജെ.ഡിയുടെ രേഖ ഗുപ്തയും ബങ്കിപൂരിൽ മത്സരിക്കുന്നുണ്ട്.
ജൂലൈ 30ന് നടക്കുന്ന ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ് ബിഹാർ രാഷ്ട്രീയത്തിലെ നിർണായക പോരാട്ടങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ഒരു വശത്ത് ബി.ജെ.പിയുടെ കോട്ട നിലനിർത്താനുള്ള ശ്രമവും മറുവശത്ത് പ്രശാന്ത് കിഷോറിന്റെ ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണവും ആയതിനാൽ ഈ തെരഞ്ഞെടുപ്പ് ദേശീയ പ്രാധാന്യവും അർഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

