മധ്യപ്രദേശിൽ ബി.ജെ.പി അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു; കോൺഗ്രസിൽ നിന്ന് കൂറുമാറിയവർക്ക് സീറ്റ്
text_fieldsഭോപാൽ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി അഞ്ചാംഘട്ട സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു. 92 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്. 230 അംഗ നിയമസഭയിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി 228 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ജ്യോതിരാദിത്യയുടെ ബന്ധുവായ യശോധര രാജെ സിന്ധ്യ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ദേവേന്ദ്ര കുമാർ ജെയിനിനാണ് ശിവപുരി മണ്ഡലത്തിൽ നറുക്ക് വീണത്. അടുത്തിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സച്ചിൻ ബിർലക്ക് ബർവാഹ് മണ്ഡലം നൽകി. കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ സിദ്ധാർഥ് രാജ് തിവാരിക്കും ബി.ജെ.പി സീറ്റ് നൽകിയിട്ടുണ്ട്.
നിലവിലെ മന്ത്രിമാരായ ഉഷാ താക്കൂർ, ഇന്ദർ സിങ് പാർമർ, മഹേന്ദ്രസിങ് സിസോദിയ, രാം ഖിലവൻ പട്ടേൽ എന്നിവരും സ്ഥാനാർഥി പട്ടികയിലുണ്ട്. മുൻ മന്ത്രിമാരായ മായ സിങ്, നാരായണൻ സിങ് കുശ്‍വഹ, ജയന്ത് മല്ലയ്യ, അർച്ചന ചിത്നിസ്, മഹേന്ദ്ര ഹർദിയ, അന്താർ സിങ് ആര്യ, സൂര്യ പ്രകാശ് മീണ എന്നിവരെയും ബി.ജെ.പി പരിഗണിച്ചിട്ടുണ്ട്. 92 അംഗ പട്ടികയിൽ 12 പേർ വനിതകളാണ്.
നവംബർ 17നാണ് മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് ഫലമറിയാം. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ ബി.ജെ.പിയാണ് നിലവിൽ മധ്യപ്രദേശ് ഭരിക്കുന്നത്. 15 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് 2018ലാണ് കാലിടറിയത്. 2018ൽ 114സീറ്റിൽ വിജയിച്ച് കോൺഗ്രസ് അധികാരത്തിലെത്തുകയായിരുന്നു. എന്നാൽ 2020 മാർച്ചിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.