‘അമേരിക്ക - പാക് യുദ്ധമുണ്ടായാൽ പാകിസ്താനൊപ്പം നിൽക്കും’; ബിജെപി നേതാവിന്റെ പരാമർശം വിവാദത്തിൽ
text_fieldsജയ്പൂർ: അമേരിക്കയും പാകിസ്താനും തമ്മിൽ യുദ്ധമുണ്ടായാൽ പാകിസ്താനെ പിന്തുണക്കുമെന്ന ബി.ജെ.പി രാജസ്ഥാൻ അധ്യക്ഷൻ മദൻ റാത്തോറിന്റെ പരാമർശം വിവാദത്തിൽ. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ബി.ജെ.പിയുടെ ദേശീയതയെ ചോദ്യം ചെയ്ത് കോൺഗ്രസും ആം ആദ്മി പാർട്ടിയും (എ.എ.പി) രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനോട് ബി.ജെ.പി നേതാക്കൾക്ക് ഇത്രയേറെ സ്നേഹമുണ്ടോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച പരിപാടിയിൽ സംസാരിക്കവെയാണ് മദൻ റാത്തോഡിന്റെ വിവാദ പരാമർശം ഉണ്ടായത്. 'അമേരിക്കയും പാകിസ്താനും തമ്മിൽ യുദ്ധമുണ്ടായാൽ ഞാൻ പാകിസ്താനൊപ്പം നിൽക്കും. കാരണം, അത് നമ്മുടെ അയൽരാജ്യമാണ്,'എന്നാണ് വിഡിയോയിൽ അദ്ദേഹം പറയുന്നത്. കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ ഈ ദൃശ്യങ്ങൾ പങ്കുവെക്കപ്പെട്ടു.
ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾക്ക് ഉത്തരവാദിയെന്ന് ബി.ജെ.പി തന്നെ ആരോപിക്കുന്ന പാകിസ്താനെ പിന്തുണക്കുന്ന നിലപാടാണ് നേതാവ് സ്വീകരിച്ചതെന്ന് കോൺഗ്രസ് വിമർശിച്ചു. ബി.ജെ.പിയുടെ പാകിസ്താനോടുള്ള സ്നേഹമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
ആം ആദ്മി പാർട്ടിയും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് തേടി. ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരെ പാകിസ്താനികളെന്നും യുവാക്കൾ ശബ്ദമുയർത്തുമ്പോൾ ഭീകരരെന്നും വിളിക്കുന്നവർ, ഒരു ബി.ജെ.പി നേതാവ് പാകിസ്താനൊപ്പം നിൽക്കുമെന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് പാർട്ടി ചോദിച്ചു. പാകിസ്താനെ പിന്തുണക്കുന്നുവെന്ന് പറയുന്ന ബിജെപി രാജ്യദ്രോഹികളാണോയെന്ന് മോദി വ്യക്തമാക്കണമെന്നും എ.എ.പി ആവശ്യപ്പെട്ടു.
എന്നാൽ വിവാദം ശക്തമായതോടെ മദൻ റാത്തോർ വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെക്കുറിച്ചുള്ള സംസാരത്തിനിടെയാണ് താൻ ആ പരാമർശം നടത്തിയതെന്നും എന്നാൽ വാക്കുകൾ വളച്ചൊടിച്ച് തെറ്റായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി രാജസ്ഥാന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിശദീകരണം.
ഏതാനും സെക്കൻഡുകൾ മാത്രം വരുന്ന വീഡിയോ ക്ലിപ്പ് ആസൂത്രിതമായി പുറത്തുവിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനുമായി എക്കാലത്തും ശത്രുതാപരമായ ബന്ധം മാത്രമാണുള്ളതെന്നും ഭീകരവാദത്തെ വളർത്തുന്നവരുമായി ഒരിക്കലും സഹകരിക്കാനാവില്ലെന്നും റാത്തോഡ് വിശദീകരിച്ചു. എങ്കിലും, ഈ വിവാദം രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

