മണിപ്പൂരിൽ സർക്കാർ രുപീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ സർക്കാർ രുപീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ച് ബി.ജെ.പി. രാഷ്ട്രപതിഭരണം ഒരു വർഷം പൂർത്തിയാവാനിരിക്കെയാണ് ബി.ജെ.പി നീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എമാരെല്ലാം തലസ്ഥാനത്ത് തന്നെ തുടരുകയാണ്. കഴിഞ്ഞയാഴ്ച മുൻ മുഖ്യമന്ത്രി ബിരേൻ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിരേൻ സിങ്ങിന് പുറമേ പാർട്ടി നേതാവായ ശ്രദ്ധ ദേവിയും ഡൽഹിയിലെത്തി അമിത് ഷായെ കണ്ടിരുന്നു. സംസ്ഥാനത്ത് സമാധാനം പൂർണമായും തിരികെയെത്തിട്ടില്ലെങ്കിലും ചില മേഖലകളിൽ സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ടെന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എ പറഞ്ഞു.
അതേസമയം, മാസങ്ങളായി നിന്നിരുന്ന സമാധാന അന്തരീക്ഷം ഇല്ലാതാക്കി മണിപ്പൂരിൽ വീണ്ടും ചോരയൊഴുകിയിരുന്നു. മണിപ്പൂർ ചുരാന്ദ്പൂർ ജില്ലയിൽ താമസിക്കുന്ന മെയ്തി വംശജനായ യുവാവാണ് ബുധനാഴ്ച വൈകീട്ട് വെടിയേറ്റു മരിച്ചത്. കുക്കി ഭൂരിപക്ഷ പ്രദേശത്താണ് കൊലപാതകം നടന്നത്. കാക്ചിംഗ് ഖുനൗ സ്വദേശിയായ മയാങ്‌ലാംബം ആണ് കൊല്ലപ്പെട്ടത്.
കുക്കി വംശജയെയാണ് ഇയാൾ വിവാഹം കഴിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരുമാസമായി ചുരാന്ദ്പൂർ ജില്ലയിലെ നാഥ്ജാങ് ഗ്രാമത്തിലാണ് ഇയാളും കുടുംബവും താമസിക്കുന്നത്. നേപ്പാളിൽ ജോലി ചെയ്തിരുന്ന മയാങ്‌ലാംബം അടുത്തിടെയാണ് നാട്ടിലെത്തിയത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ സായുധരായ ഒരു സംഘം എത്തി ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ഒരുമിനുട്ടും 12 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

