മുംബൈ: മഹാരാഷ്ട്ര സർക്കാരിൽ പിളർപ്പുണ്ടാക്കിയ ശിവസേന നേതാവും മന്ത്രിയുമായ ഏക് നാഥ് ഷിൻഡെക്ക് വാഗ്ദാനങ്ങളുമായി ബി.ജെ.പി. സംസ്ഥാനത്ത് എട്ട് മന്ത്രിമാരും അഞ്ച് സഹമന്ത്രിമാരും കേന്ദ്രത്തിൽ രണ്ടു മന്ത്രിപദവും നൽകാമെന്നാണ് വാഗ്ദാനം.
അതേസമയം, ബി.ജെ.പി വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പദവി ഷിൻഡെ സ്വീകരിക്കാനിടയില്ല. യഥാർഥ ശിവസേന തങ്ങളാണെന്ന് ഷിൻഡെ പക്ഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അവകാശപ്പെട്ടേക്കും. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചാൽ ഔദ്യോഗിക പക്ഷത്തിന് വൻ തിരിച്ചടിയാകും.
മൊത്തം എം.എൽ.എമാരിൽ മൂന്നിൽ രണ്ട് ഒപ്പം ഉണ്ടെങ്കിലേ കൂറുമാറ്റ നിയമം ബാധകമല്ലാതിരിക്കുകയുള്ളൂ. 41 പേരുടെ പിന്തുണയാണ് ഷിൻഡെ അവകാശപ്പെടുന്നത്. മൊത്തം 55 എം.എൽ.എമാരാണ് ശിവസേനക്ക് ഉള്ളത്. അതിനിടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ചു ചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗം 12.30ന് ഓൺലൈൻ വഴി നടക്കും.സഹകരണത്തിന് നന്ദി അറിയിക്കാനാണ് ഉദ്ധവ് യോഗം വിളിച്ചതെന്നാണ് സൂചന.
അസമിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ അശോക് സിംഗാൾ വിമത എം.എൽ.എമാർ താമസിക്കുന്ന ഗുവാഹത്തിയിലെ ഹോട്ടലിലെത്തിയിട്ടുണ്ട്. വിമത എം.എൽ.എമാരുമായി അശോക് സിംഗാൾ കൂടിക്കാഴ്ച നടത്തും.
കോൺഗ്രസ്-എൻ.സി.പി സഖ്യമൊഴിഞ്ഞ് ബി.ജെ.പിയുമായി ചേർന്ന് ഭരണം പങ്കിടമെന്നാണ് ഏക് നാഥ് ഷിൻഡെയുടെ ആവശ്യം.