'കോൺഗ്രസ് ചിന്തിക്കുന്നത് ഇറ്റാലിയൻ രീതിയിൽ, അവർക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല'; രൂക്ഷ വിമർശനവുമായി ബി.ജെ.പി അധ്യക്ഷൻ
text_fieldsതെലങ്കാന: തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ രംഗത്തെത്തി. കോൺഗ്രസ് എപ്പോഴും ചിന്തിക്കുന്നത് ഇറ്റലിക്കാരുടെ രീതിയിലാണെന്നും, അവർക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്നും ഹൈദരാബാദിൽ നടന്ന പാർട്ടി യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിലെ നാംപള്ളിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിൽ വെച്ച് നടന്ന 'ബൂത്ത് പ്രമുഖ് സമ്മേളനത്തിൽ' സംസാരിക്കുകയായിരുന്നു നിതിൻ നബിൻ. കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനരീതികളെയും ആശയങ്ങളെയും കടന്നാക്രമിച്ചുകൊണ്ട്, അവർക്ക് ഇന്ത്യയിൽ പ്രസക്തിയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലും മറ്റും കോൺഗ്രസിനെതിരെ ബി.ജെ.പി ഉന്നയിക്കാറുള്ള അതേ ആക്ഷേപങ്ങൾ തന്നെയാണ് ഇത്തവണയും അദ്ദേഹം ആവർത്തിച്ചിരിക്കുന്നത്.
ഇതിനോടൊപ്പം തന്നെ, മുൻ തെലങ്കാന സർക്കാരായ ബി.ആർ.എസ്, കാളേശ്വരം പദ്ധതിയിലൂടെ പൊതുഖജനാവിലെ പണം കൊള്ളയടിച്ചുവെന്നും, ഈ അഴിമതികളെ കോൺഗ്രസ് പാർട്ടി സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും നിതിൻ നബിൻ ആരോപിച്ചു. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മരണശേഷം കോൺഗ്രസ് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ജി.എച്ച്.എം.സി തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭരണത്തിലെത്താൻ സാധിക്കുമെന്ന് നിതിൻ നബിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തെലങ്കാനയുടെ വികസനത്തിനായി നിരവധി ഫണ്ടുകളും പദ്ധതികളും നൽകുന്നുണ്ടെന്നും, ഇരട്ട എൻജിൻ സർക്കാർ അധികാരത്തിൽ വന്നാൽ സംസ്ഥാനം പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായി ബി.ജെ.പി ഒരിക്കലും എ.ഐ.എം.ഐ.എംപാർട്ടിയെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

