'അടിമത്തത്തിന്‍റെ അവസാന ശേഷിപ്പും ഇല്ലാതാക്കി'; മുഗൾസാമ്രാജ്യവുമായി ബന്ധമുള്ള സ്ഥലപേരുകൾ മാറ്റിയ സംഭവത്തിൽ ഉത്തരാഖണ്ഡ് സർക്കാരിനെ പ്രശംസിച്ച് ബി.ജെ.പി
text_fieldsപുഷ്കർ സിങ് ധാമി
ഡൽഹി: മഹാരാഷ്ട്രയിലെ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ സംസ്ഥാനത്തെ 17 സ്ഥലങ്ങളുടെ പേരുകൾ ഒറ്റയടിക്ക് മാറ്റി ഉത്തരാഖണ്ഡ് സർക്കാർ. മുഗൾ സാമ്രാജ്യവുമായി ബന്ധമുള്ള പേരുകളാണ് മാറ്റിയത്. സംസ്ഥാന സർക്കാരിന്റെ നടപടിയെ പ്രശംസിച്ച് ബി.ജെ.പി യും രംഗത്തെത്തി. ഹരിദ്വാർ, നൈനിറ്റാൾ, ഡെറാഡൂൺ, ഉദംസിംഗ് നഗർ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. 'അടിമത്തത്തിൻ്റെ അവസാന അവശിഷ്ടങ്ങൾ' ഇല്ലാതാക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി എന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ചില സ്ഥലങ്ങളുടെ പഴയ പേരും പുതുക്കിയ പേരും ഇങ്ങനെ.
ഔറംഗസെബ്പൂർ - ശിവാജി നഗർ
ഗാസിവാലി - ആര്യ നഗർ
ഖാൻപൂർ - ശ്രീ കൃഷ്ണപൂർ
ഖാന്പൂർ കുർസാലി - അംബേദ്കർ നഗർ
മിയവാല - റാംജിവാല
ചന്ദ്പൂർ ഖുർദ് - പൃഥ്വിരാജ് നഗർ
നവാബി റോഡ് - അടൽ റോഡ്
പഞ്ചുക്കി മാര്ഗ് - ഗുരു ഗോൾവാക്കർ മാർഗ്
ഹരിദ്വാർ ജില്ലയിൽ കുറഞ്ഞത് 10 സ്ഥലങ്ങളെങ്കിലും പേരുമാറ്റത്തിന് വിധേയമായിട്ടുണ്ട്. ഇതിൽ നാലെണ്ണം ഡെറാഡൂണിലും രണ്ടെണ്ണം നൈനിറ്റാളിലും ഒരെണ്ണം ഉധം സിംഗ് നഗരിലുമാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചുക്കി മാർഗിന് രണ്ടാമത്തെ ആർ.എസ്.എസ് മേധാവിയായ ഗുരു ഗോൾവാൾക്കറിന്റെ പേരാണ് നൽകിയിരിക്കുന്നത്.
'ഹരിദ്വാർ, ഡെറാഡൂൺ, നൈനിറ്റാൾ, ഉദ്ദം സിംഗ് നഗർ ജില്ലകളിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റുമെന്ന് ഉത്തരാഖണ്ഡ് പ്രഖ്യാപിച്ചിരുന്നു. പുതിയ പേരുകൾ പൊതുജനവികാരത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സംസ്കാരം സംരക്ഷിക്കുന്നതിലും ഭാവിയെ പ്രചോദിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ച മഹാന്മാരെ ആദരിക്കുന്നതിനായാണ് പേരുമാറ്റം കൊണ്ട് ലക്ഷ്യമിടുന്നത്," ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

