അചൽപുരിൽ ബി.ജെ.പി – ഉവൈസിയുടെ മജ്ലിസ് – കോൺഗ്രസ് കൂട്ടുകെട്ട്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ചർച്ചയായി വീണ്ടും അസാധാരണ രാഷ്ട്രീയ കൂട്ടുകെട്ട്. അമരാവതി ജില്ലയിലെ അചൽപുർ മുൻസിപ്പൽ കൗൺസിലിലെ കോൺഗ്രസ്-ബി.ജെ.പി- ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്ലിസ് പാർട്ടി) കൂട്ടുകെട്ടാണ് വീണ്ടും ചർച്ചയായത്.
41 സീറ്റുകളുള്ള അചൽപുരിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. കോൺഗ്രസിന് 15ഉം, ബി.ജെ.പിക്ക് ഒമ്പതും മജ്ലിസ് പാർട്ടിക്ക് മൂന്നും പ്രാദേശിക പാർട്ടിയായ പ്രഹാർ ജനശക്തിക്കും എൻ.സി.പിക്കും രണ്ട് വീതവുമാണ് സീറ്റുകൾ. ശേഷിച്ച പത്തിലും സ്വതന്ത്രരാണ്. വിദ്യാഭ്യാസ, കായിക സമിതി അധ്യക്ഷ പദവി മജ്ലിസും ജലവിതരണ സമിതി അധ്യക്ഷ സ്ഥാനം കോൺഗ്രസും വനിത ശിശു ക്ഷേമ സമിതി അധ്യക്ഷ പദവി ബി.ജെ.പിയും പങ്കിട്ടു. എതിരില്ലാതെയാണ് തെരഞ്ഞെടുപ്പ്.
നേരത്തെ അകോലയിലെ അകോട്ട് മുനിസിപ്പൽ കൗൺസിലിൽ മജ്ലിസും അമ്പർനാഥിൽ കോൺഗ്രസും ബി.ജെ.പിയുമായി സഖ്യമായത് വിവാദമാവുകയും തങ്ങളുടെ 12 കോർപറേറ്റർമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സസ്പെൻഷനു പിന്നാലെ കോർപറേറ്റർമാർ ബി.ജെ.പിയിൽ ചേരുകയാണ് ചെയ്തത്.
അകോട്ട്, അമ്പർനാഥ് സംഭവം വിവാദമായതോടെ പാർട്ടിയിലെ പ്രാദേശിക നേതാക്കൾക്ക് ബി.ജെ.പി നേതാവായ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അചൽപുരിലെ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

