'അന്ന് ബി.ജെ.പിക്ക് ഇന്ത്യ വേണം; ഇന്ന് ഭാരത് മതി'
text_fieldsന്യൂഡൽഹി: ഇന്ത്യയെ ഭാരത് എന്ന് നാമകരണം ചെയ്യണമെന്ന ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതിപക്ഷത്തിന്‍റേയും ഭരണപക്ഷത്തിന്‍റേയും രാഷ്ട്രീയ പോര് തുടരുകയാണ്. ജി-20 സമ്മേളനത്തിന് മുമ്പായി നടന്ന അത്താഴ വിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയതായിരുന്നു വിമർശനങ്ങളുടെ തുടക്കം. ആ ചർച്ച പിന്നീട് 2004ൽ മുലായം സിങ് യാദവ് സർക്കാർ ഇന്ത്യയെ ഭാരത് എന്നാക്കി മാറ്റണമെന്ന് പറഞ്ഞപ്പോൾ സഭയിൽ നിന്നും ഇറങ്ങിപ്പോയ ബി.ജെ.പിയുടെ ചരിത്രത്തിലേക്കായി.
2004ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ്, ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുന്നതിനെ കുറിച്ച് മന്ത്രിസഭയിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ അന്ന് തീരുമാനത്തോട് പ്രതിഷേധമറിയിച്ച് ബി.ജെ.പി സഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. കൊളോണിയൽ കാലത്തെ അവശേഷിപ്പുകൾ ഇല്ലാതാക്കുന്നതിന് ഈ നാമകരകണം അനിവാര്യമാണെന്നായിരുന്നു മുലായം സിങ് യാദവിന്‍റെ പരാമർശം. ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം സമൂഹത്തിൽ വിദ്യാഭ്യാസത്തിന്‍റെ പേരിൽ ഭിന്നിപ്പുണ്ടാക്കുമെന്ന റാം മനോഹർ ലോയിയയുടെ സോഷ്യലിസ്റ്റ് പ്രത്യയശാത്രത്തിൽ നിന്നായിരുന്നു മുലായം സിങ്ങിന്‍റെ ആശയവും ഉടലെടുക്കുന്നത്. ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്നും ലോയിയ പറഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം അതേ ബി.ജെ.പിയാണ് ഇന്ത്യയെ ഭാരത് എന്ന് നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്.
സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്‍ററി സമ്മേളനത്തിൽ രാജ്യത്തിന്‍റെ പേരുമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുമെന്നും, എൻ.ഡി.എ സർക്കാർ "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല്" അവതരിപ്പിക്കുമെന്നും വരാനിരിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമെന്നും കോൺഗ്രസ് ആരോപിച്ചു. വിമർശനങ്ങൾ ഉയർന്നിട്ടും സമ്മേളന്‍റത്തിന്‍റെ അജണ്ടകൾ രാജ്യസഭയും ലോക്സഭയും പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

