രാജ്യസഭ: രാജസ്ഥാനിൽ ബി.ജെ.പി ചാക്കിട്ടുപിടിത്തം
text_fieldsജയപുർ: ജൂൺ 19ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിെൻറ മുന്നോടിയായി കോൺഗ്രസ് എം.എൽ.എമാരെ പാർട്ടി ജയ്പുരിലെ റിസോർട്ടിലേക്ക് മാറ്റി. ഗുജ്റാത്തിലും മധ്യപ്രദേശിലും സംഭവിച്ചതുപോലെ കോൺഗ്രസ് എം.എൽ.എമാരെ മറുകണ്ടം ചാടിക്കുന്നതിന് ബി.ജെ.പി ചരടുവലി തുടങ്ങിയ സാഹചര്യത്തിലാണ് ഇവരെ കൂട്ടത്തോടെ റിസോട്ടിലേക്ക് മാറ്റിയത്.
ഗുജ്റാത്തിൽ മൂന്നു കോൺഗ്രസ് എം.എൽ.എമാർ കഴിഞ്ഞ ദിവസങ്ങളിലായി പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ ഒരു സംഘം എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയിലേക്ക് കൂറുമാറുകയും കമൽനാഥ് സർക്കാർ നിലം പതിക്കുകയും ചെയ്തിരുന്നു. രാജസ്ഥാനിലും സമാനമായ അട്ടിമറിയാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. എം.എൽ.എമാരെ കൂറുമാറ്റുന്നതിനുവേണ്ടി ബി.ജെ.പി 25 കോടിയാണ് ഓരാരുത്തർക്കും വാഗ്ദാനം ചെയ്യുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു.
കർണാടക, ഗുജ്റാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ സംഭവിച്ചതുപോലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാൻ ഹീനമായ ശ്രമം നടക്കുന്നതായി കോൺഗ്രസ് നേതാവ് മഹേഷ് ജോഷ് ഡി.ജി.പിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഗെഹ്ലോട്ടിെൻറ വസതിയിൽ നടന്ന യോഗത്തിലാണ് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അതേസമയം, സർക്കാറിന് ഒരു ഭീഷണിയുമില്ലെന്ന് രാജസ്ഥാൻ മന്ത്രി പ്രതാപ് സിങ് ഖചാരിയവാസ് വ്യക്തമാക്കി.
എന്നാൽ, കോൺഗ്രസിന് സ്വന്തം എം.എൽ.എമാരെ വിശ്വാസമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സതീഷ് പൂനിയ തിരിച്ചടിച്ചു. സർക്കാറിെൻറ നിലനിൽപിന് ഭീഷണിയില്ലെങ്കിൽ എന്തിനാണ് അവരെ റിസോർട്ടിലേക്ക് മാറ്റുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാജസ്ഥാനിൽ രാജ്യസഭയിലേക്ക് കെ.സി. വേണുഗോപാലടക്കം രണ്ടു സ്ഥാനാർഥികളെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. ബി.ജെ.പിക്കും രണ്ടു പേരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
