‘റേപ് ഇൻ ഇന്ത്യ’ പരാമർശം; ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു
text_fieldsന്യൂഡൽഹി: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നടത്തിയ പരാമർശത്തിന്‍റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ ബി.ജെ.പി എം.പിമാരുടെ പ്രതിഷേധം. ബഹളത്തെ തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 'മെയ്ക് ഇൻ ഇന്ത്യ' അല്ല 'റേപ് ഇൻ ഇന്ത്യ'യാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ പ്രസ്താവന നടത്തിയത്. രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യയിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കലാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. രാഹുൽ മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യം സൂചിപ്പിച്ചാണ് രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. നരേന്ദ്ര മോദി പറയുന്നത് മെയ്ക് ഇൻ ഇന്ത്യ എന്നാണ്. എന്നാൽ, എവിടെ നോക്കിയാലും റേപ് ഇൻ ഇന്ത്യ എന്നതാണ് ഇന്ന് കാണാൻ കഴിയുന്നത്. ഉത്തർപ്രദേശിൽ മോദിയുടെ എം.എൽ.എയാണ് ബലാത്സംഗം ചെയ്തത്. പിന്നീട് ഇവർക്ക് വാഹനാപകടമുണ്ടായി. എന്നാൽ, നരേന്ദ്ര മോദി ഇക്കാര്യത്തിൽ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. -രാഹുൽ പറഞ്ഞു.
എന്നാൽ, ഇതാദ്യമായാണ് രാജ്യത്തെ ഒരു നേതാവ് ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഇതാണോ രാജ്യത്തെ ജനങ്ങൾക്ക് രാഹുൽ നൽകുന്ന സന്ദേശമെന്നും അവർ ചോദിച്ചു. അതേസമയം, പ്രസ്താവന നടത്തിയത് സഭയ്ക്കകത്ത് അല്ലെന്നും യഥാർഥത്തിൽ നടക്കുന്നത് റേപ് ഇൻ ഇന്ത്യ ആണെന്നും ഡി.എം.കെയിലെ കനിമൊഴി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
