ബംഗാളിൽ ബി.ജെ.പി -സി.പി.എം നേതാക്കളുടെ കൂടിക്കാഴ്ച: രഹസ്യ ധാരണയെന്ന് തൃണമൂൽ
text_fieldsസി.പി.എം നേതാവ് അശോക് ഭട്ടാചാര്യയുടെ വീട്ടിലെത്തിയ ബി.ജെ.പി എം.പി രാജു ബിസ്ത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളും സി.പി.എം നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നത് വിവാദമാകുന്നു. പ്രമുഖ നേതാവ് അശോക് ബട്ടാചര്യയുടെ വീട്ടിൽ വെച്ചാണ് ബി.ജെ.പി എംപി രാജു ബിസ്ത, സിലിഗുരി എം.എല്‍.എ ശങ്കര്‍ ഘോഷ് അടക്കമുള്ള ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.
ബംഗാളിലെ തൃണമൂൽ ഭരണത്തെ അട്ടിമറിക്കാനുള്ള സി.പി.എം -ബി.ജെ.പി രഹസ്യനീക്കത്തിന്റെ ഭാഗമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. പശ്ചിമ ബംഗാളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം -ബി.ജെ.പി കൂട്ടുകെട്ട് മണ്ണൊരുക്കുകയാണെന്നും ഇവർ പറഞ്ഞു. എന്നാൽ, ദീപാവലിയോടനുബന്ധിച്ചുള്ള സൗഹൃദ സന്ദർശനമാണ് നടന്നതെന്നും അശോക് ഭട്ടാചാര്യയുടെ ഭാര്യയുടെ ഒന്നാം ചരമവാര്‍ഷികത്തിന് ക്ഷണിച്ചതനുസരിച്ച് പോയതാണെന്നും ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു.
സന്ദർശന സംഘത്തിലുണ്ടായിരുന്ന ശങ്കർ ഘോഷ് സിലിഗുരിയിലെ മുൻ സി.പി.എം നേതാവും ഇപ്പോൾ ബി.ജെ.പി എം.എൽ.എയുമാണ്. സി.പി.എമ്മിലായിരിക്കെ ഇദ്ദേഹം അശോക് ഭട്ടാചാര്യയുടെ അടുത്ത അനുയായിയായി കൂടിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം ബി.ജെ.പി ക്യാമ്പിലേക്ക് കാലുമാറിയത്. സിലിഗുരി നിയമസഭാ സീറ്റിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ഘോഷ്, ആറ് തവണ എം.എൽ.എയായ ഭട്ടാചാര്യയെ പരാജയപ്പെടുത്തിയാണ് വിജയം കൈവരിച്ചത്.
സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയുടെ വീട്ടിലെത്തിയ ബി.ജെ.പി എം.പി രാജു ബിസ്തയും എം.എൽ.എ ശങ്കർ ഘോഷും അടക്കമുള്ള നേതാക്കൾ
സംസ്ഥാനത്ത് സി.പി.എം -ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്നും സര്‍ക്കാറിനെ അട്ടിമറിച്ച് ബംഗാളിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെന്ന് തൃണമൂൽ നേതാക്കൾ പറയുന്നു. ഡിസംബറോടെ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള തന്ത്രങ്ങൾ മെനയാനാണ് യോഗം നടന്നതെന്ന് തൃണമൂൽ മുഖപത്രമായ 'ജാഗോ ബംഗ്ലാ' ആരോപിച്ചു.
'ഇത് കേവലം കൂടിക്കാഴ്ചയല്ല, വടക്കൻ ബംഗാളിനെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുതൽ ബിജെപി സംസ്ഥാനത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്. വിഭജനത്തിലൂടെ കേന്ദ്രഭരണ പ്രദേശമോ പ്രത്യേക സംസ്ഥാനമോ രൂപവത്കരിക്കാനാണ് നീക്കം. ഈ വിലകുറഞ്ഞ രാഷ്ട്രീയത്തെ ഞങ്ങൾ അപലപിക്കുന്നു' -തൃണമൂൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു. തൃണമൂലിനെ തനിച്ച് തോല്‍പിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയതിനാല്‍ സി.പി.എമ്മിനെ കൂടെ കൂട്ടാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വടക്കൻ ബംഗാൾ വിഭജിച്ച് പുതിയ സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശം സൃഷ്ടിക്കണമെന്ന് നിരവധി മുതിർന്ന ബി.ജെ.പി എം.പിമാരും എം.എൽ.എമാരും മുമ്പ് പരസ്യമായി വാദിച്ചിരുന്നു. ടി.എം.സിയുടെ നേതൃത്വത്തിലുള്ള സർക്കാർ അതിന്റെ കാലാവധി പൂർത്തിയാക്കില്ലെന്നും സംസ്ഥാനത്ത് അതിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയും മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, തൃണമൂൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഭട്ടാചാര്യ പറഞ്ഞു. "ഈ സന്ദർശനത്തിൽ രാഷ്ട്രീയമൊന്നുമില്ല. ബി.ജെ.പി എംപിയുടെ സൗഹൃദ സന്ദർശനം മാത്രമാണിത്. ഈ മാസം അവസാനം എന്റെ ഭാര്യയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് അദ്ദേഹം വന്നത്. ദീപാവലി ദിനമായതിനാൽ അദ്ദേഹം കുറച്ച് ഡ്രൈ ഫ്രൂട്ട്‌സ് കൊണ്ടുവന്നിരുന്നു" -ഭട്ടാചാര്യ പറഞ്ഞു.
തൃണമൂൽ ഭരിക്കുന്ന സംസ്ഥാനത്ത് സാമാന്യ മര്യാദ പുലർത്തുന്നത് പോലും അപൂർവ പ്രതിഭാസമായി മാറിയതായി ബി.ജെ.പി എം.പി രാജു ബിസ്ത പ്രസ്താവനയിൽ പറഞ്ഞു. "ഞങ്ങളുടെ കൂടിക്കാഴ്ചയെ സംസ്ഥാന വിഭജനത്തിനുള്ള ശ്രമമായാണ് തൃണമൂൽ മുദ്രകുത്തുന്നത്. ഉത്സവങ്ങളിൽ മുതിർന്നവരുടെ അനുഗ്രഹം തേടുന്നത് ആത്മീയമായ കാര്യവും നമ്മുടെ സംസ്കാരത്തിന്റെ ഭാഗവുമാണെന്നത് തൃണമൂൽ അംഗങ്ങൾ മറന്നതായി തോന്നുന്നു. അവരുടെ ഭയവും അരക്ഷിതാവസ്ഥയുമാണ് മുഖപത്രത്തിലൂടെ വ്യക്തമാക്കുന്നത്" -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

