ഗോഡ്സെയെ പോലുള്ള ദേശസ്‌നേഹികളെ തീവ്രവാദി എന്ന് വിളിക്കുന്നു -പ്രഗ്യാസിങ് താക്കൂർ
text_fieldsഗോഡ്സെയെ പോലുള്ള ദേശസ്‌നേഹികളെ കോൺഗ്രസ് അപമാനിക്കുന്നെന്ന് ബി.ജെ.പി എം.പി പ്രഗ്യാസിങ് താക്കൂർ. പണ്ടുമുതലേ കോൺഗ്രസ് ഇങ്ങിനെ ചെയ്തിരുന്നതായും അവർ പറഞ്ഞു. ഗോഡ്സെയെ ഇന്ത്യയിലെ 'ആദ്യത്തെ തീവ്രവാദി' എന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് വിശേഷിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പ്രഗ്യ. ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപിയും 2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമാണ് പ്രഗ്യാസിങ് താക്കൂർ.
'കോൺഗ്രസ് എല്ലായ്പ്പോഴും ദേശസ്‌നേഹികളെ അപമാനിക്കുകയാണ്. അവരെ 'കുങ്കുമ തീവ്രവാദികൾ' എന്നാണ് കോൺഗ്രസ് വിളിക്കുന്നത്. ഇതിനേക്കാൾ മോശമായ പ്രയോഗമില്ല. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല' -ദിഗ്‌വിജയ് സിങിന്‍റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രഗ്യ ഉജ്ജൈനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2019 മെയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഗോഡ്സെയെ ദേശസ്നേഹി എന്ന് വിളിച്ച പ്രഗ്യയുടെ നടപടി വിവാദമായിരുന്നു. പിന്നീട് ഈ സംഭവത്തിൽ അവർ ക്ഷമചോദിക്കുകയും പ്രസ്താവന പിൻവലിക്കുകയും ചെയ്തു.
2019 നവംബറിൽ ലോക്സഭയിൽ ഗോഡ്സേയെ പറ്റി നടത്തിയ പരാമർശത്തിലും അവർ മാപ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഗ്വാളിയറിൽ ഗോഡ്സെയുടെ പേരിൽ പഠന കേന്ദ്രം ഹിന്ദു മഹാസഭ തുറന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടലിനെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം അടച്ചു. എബിവിപി പരിപാടിയിൽ പങ്കെടുക്കാനാണ് പ്രഗ്യ ഉജ്ജൈനിൽ എത്തിയത്.