‘ചാരിത്ര്യം സംരക്ഷിക്കാൻ ചിതയിൽചാടി സതി ആചരിക്കുന്നത് മാഹാത്മ്യം’; രാജസ്ഥാനിൽനിന്നുള്ള ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: ഭർത്താവിന്‍റെ ചിതയിൽ ചാടി ഭാര്യ മരിക്കണമെന്ന ‘സതി’ ആചാരം മഹത്തരമാണെന്ന വാദവുമായി ബി.ജെ.പി എം.പി. ലോക്സഭയിലാണ് ബി.ജെ.പി അംഗത്തിന്‍റെ ഇതുസംബന്ധിച്ച പ്രസംഗം. ഇതേതുടർന്ന് ഉയർന്ന കടുത്ത പ്രതിഷേധം മൂലം കുറെനേരം സഭാനടപടി നിർത്തിവെക്കാൻ സ്പീക്കർ ഓം ബിർല നിർബന്ധിതനായി.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് തുടക്കമിട്ട രാജസ്ഥാനിലെ സി.പി. ജോഷിയാണ് സതിയുടെ മാഹാത്മ്യം വിളമ്പിയത്. ബഹളത്തിനുശേഷം സഭ ചേർന്നപ്പോൾ, സഭയിൽ നൽകുന്ന മൊഴിമാറ്റത്തിലെ പിശകാണ്, നിരോധിക്കപ്പെട്ട ആചാരത്തെ താൻ പിന്തുണക്കുന്നില്ലെന്ന് എം.പി വിശദീകരിച്ചു. മേവാർ രാജ്ഞിയായിരുന്ന പത്മാവതിയെക്കുറിച്ച് പറയുകയായിരുന്നു ബി.ജെ.പി അംഗം. അലാവുദ്ദീൻ ഖിൽജി ചിത്തോർ കോട കീഴടക്കിയപ്പോൾ ആത്മാഹൂതിയാണ് ഭേദമെന്ന് രാജ്ഞി ചിന്തിച്ചു. ഇതേക്കുറിച്ച് പറയുമ്പോഴാണ് എം.പിയുടെ വാക്ക് വഴി തെറ്റിയത്. കനിമൊഴി, സുപ്രിയ സുലെ, എ. രാജ, കെ. മുരളീധരൻ, ഇംതിയാസ് ജലീൽ എന്നിവർ ശക്തമായി പ്രതിഷേധിച്ചു.
എ. രാജ, ടി.എൻ. പ്രതാപൻ തുടങ്ങിയവർ ഇരിപ്പിടം വിട്ട് ഭരണപക്ഷ ബെഞ്ചുകളിലേക്ക് കടന്നുചെന്ന് എം.പിയോട് പ്രതിഷേധം രേഖപ്പെടുത്തി. ഇവരെ മറ്റ് അംഗങ്ങൾ തിരിച്ചയച്ചു. ഇതിനെല്ലാമിടയിലാണ് സ്പീക്കർ 20 മിനിറ്റ് സഭ നിർത്തിയത്. താനോ, തന്‍റെ പാർട്ടിയോ സതിയെ ഒരിക്കലും പിന്തുണക്കുന്നില്ലെന്നും സഭയിൽ നടത്തിയ തർജമയാണ് പ്രശ്നം സൃഷ്ടിച്ചതെന്നും വീണ്ടും സഭ ചേർന്നപ്പോൾ സി.പി. ജോഷി വിശദീകരിച്ചു. പത്മാവതി രാജ്ഞി ജീവത്യാഗം ചെയ്തത് തന്‍റെ ചാരിത്ര്യം സംരക്ഷിക്കാനാണെന്നും എം.പി പറഞ്ഞു. ഭരണപക്ഷ ബെഞ്ചിലേക്ക് കടന്നുചെന്നവരുടെ നടപടി ഉചിതമല്ലെന്ന് സ്പീക്കർ പറഞ്ഞു.