കെ.കവിതക്ക് തെലങ്കാനയിലെ മുസ്‍ലിംകളോട് കടുത്ത വിവേചനം; ആരോപണവുമായി ബി.ജെ.പി എം.പി
text_fieldsഹൈദരാബാദ്: ബി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും കെ. കവിത സംസ്ഥാനത്തെ മുസ്‍ലിംകൾക്കു നേരെ വിവേചനം കാണിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി എം.പി അരവിന്ദ് ധർമപുരി രംഗത്ത്. സംസ്ഥാനത്തെ ദലിതുകളെ അപേക്ഷിച്ച് മുസ്‍ലിംകൾക്ക് വളരെ തുച്ഛമായ സാമ്പത്തിക സഹായമാണ് നൽകുന്നതെന്നും ബി.ജെ.പി എം.പി ആരോപിച്ചു.
''കവിത വസ്തുതകളിൽ നിന്ന് ഒളിച്ചോടരുത്. തെലങ്കാനയിലെ മുസ്‍ലിംകളോട് വളരെ വിവേചനത്തോടെയാണ് കവിത പെരുമാറുന്നത്. നിലവിൽ തെലങ്കാന സർക്കാർ രണ്ട് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ദലിത് ബന്ധു എന്ന ആദ്യത്തെ പദ്ധതി രണ്ടുവർഷം മുമ്പാണ് ആരംഭിച്ചത്. ദലിത് കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള പദ്ധതിയാണിത്. 10 ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്. നിർഭാഗ്യവശാൽ, കവിതയുടെ കുടുംബത്തിന്റെ അഴിമതി മൂലം അരശതമാനം ദലിത് കുടുംബത്തിന് പോലും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല.''-അരവിന്ദ് ധർമപുരി ആരോപിച്ചു.
കഴിഞ്ഞ മാസം മുസ്‍ലിം ബന്ധു എന്നപേരിൽ ഒരു പദ്ധതിക്ക് കവിത തുടക്കം കുറിച്ചു. പദ്ധതിയിൽ മുസ്‍ലിം കുടുംബങ്ങൾക്കായി ഒരുലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.തെലങ്കാനയിലെ 60 ശതമാനം മുസ്‍ലിംകളും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നിട്ടും അവർക്ക് ഒരുലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് നൽകുന്നത്. സാമ്പത്തിക സഹായത്തിലെ അന്തരമാണ് ചോദ്യം ചെയ്യുന്നതെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി. എന്തിന്റെ അടിസ്ഥാനത്തിലാണ് കവിത മുസ്‍ലിംകളോട് ഇത്തരത്തിൽ വിവേചനം കാണിക്കുന്നത്. നിങ്ങളുടെ സർക്കാരിന്റെ ഇരട്ടത്താപ്പ് ഞങ്ങൾ തുറന്നുകാട്ടും.-ബി.ജെ.പി നേതാവ് മുന്നറിയിപ്പ് നൽകി.
സ്ത്രീകളെ മത്സരിപ്പിക്കുന്ന കാര്യത്തിൽ കവിതക്ക് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് നേരത്തേ വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവ് വൈ.എസ്. ശർമിള രംഗത്തുവന്നിരുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് വനിത സ്ഥാനാർഥികളെ മാത്രമാണ് ബി.ആർ.എസ് മത്സരിപ്പിക്കുന്നത്. എന്നാൽ ലോക്സഭ എം.പിയായ കവിത പാർലമെന്റിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം വേണമെന്ന് വാദിക്കുന്നു. ഇത് അവരുടെ നാടകമാണ്. എന്നായിരുന്നു ശർമിളയുടെ ആരോപണം. ഡൽഹി മദ്യനയ അഴിമതിയിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കവിതയുടെ അടവാണിതെന്നും ശർമിള വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

