ഒറ്റ ഡിമാൻഡ് മാത്രം; ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവു സമ്മതിച്ചതായി വെളിപ്പെടുത്തൽ
text_fieldsഒറ്റ ആവശ്യത്തിന് പുറത്ത് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവു സമ്മതിച്ചതായി വെളിപ്പെടുത്തൽ. ബി.ജെ.പി എം.പി സി.എം. രമേശ് ആണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. തന്റെ സഹോദരി കെ.കവിതക്കെതിരായ ഇ.ഡിയുടെയുടെയും സി.ബി.ഐയുടെയും അന്വേഷണം അവസാനിപ്പിക്കാൻ തയാറാണെങ്കിൽ ബി.ജെ.പിയുമായി സഹകരിക്കാൻ തയാറാണ് എന്നാണ് കെ.ടി.ആർ സമ്മതിച്ചതെന്നാണ് രമേശിന്റെ അവകാശവാദം.
ഈ ആവശ്യവുമായി ഡൽഹിയിൽ എന്റെ വീട്ടിലെത്തിയ കാര്യം കെ.ടി.ആർ മറന്നുപോയോ എന്നും ബി.ജെ.പി നേതാവ് ചോദിച്ചു. എല്ലാം സി.സി.ടി.വി ദൃശ്യങ്ങളിൽ റെക്കോഡ് ചെയ്തിട്ടുണ്ട്. എനിക്കത് മാധ്യമങ്ങൾക്ക് കൈമാറാൻ സാധിക്കും. കവിതക്കെതിരായ അന്വേഷണങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതല്ലേ. ഇതെ കുറിച്ച് ആഭ്യന്തരമന്ത്രിയോട് സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണം അവസാനിപ്പിച്ചാൽ ബി.ആർ.എസ് ബി.ജെ.പിയിൽ ലയിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലേയെന്നും രമേശ് ചോദിച്ചു.
എന്നാൽ ബി.ആർ.എസ് ബി.ജെ.പിയുമായ ലയിക്കാൻ തയാറാണെന്ന അവകാശവാദങ്ങൾ കെ.ടി.രാമറാവു നിഷേധിച്ചു. ബി.ആർ.എസ് ഒരിക്കലും മറ്റൊരു പാർട്ടിയുമായി ലയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനക്ക് വേണ്ടി രൂപവത്കരിച്ച പാർട്ടിയാണത്. സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പാർട്ടി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും കെ.ടി.ആർ ആവർത്തിച്ചു.
അതേസമയം, ആന്ധ്രാപ്രദേശിലെ കരാറുകാർക്ക് നൽകിയ വലിയ സർക്കാർ കരാറുകളിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ബി.ജെ.പിഎം.പി സി.എം രമേശും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ബി.ആർ.എസ് നേതാവ് ആരോപിച്ചു.
''ഇത്തരം അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി അവർ ബി.ആർ.എസ് ബി.ജെ.പിയിൽ ലയിക്കാൻ പോവുകയാണെന്ന തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പടച്ചുവിടുകയാണ്. തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ പാർട്ടിയാണത്. ബി.ആർ.എസ് ഒരിക്കലും മറ്റൊരു പാർട്ടിയുമായി ലയിക്കാൻ പോകുന്നില്ലെന്ന് തെലങ്കാനയിലെ ജനങ്ങൾക്ക് നന്നായി അറിയാം. അവർ പ്രതിസന്ധിയിലാകുന്ന സമയങ്ങളിലൊക്കെ, കോൺഗ്രസും ബി.ജെ.പിയും ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവരെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്''-എന്നാണ് ഇത് സംബന്ധിച്ച് കെ.ടി.ആർ എക്സിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

