മൂന്നാം ഭാര്യയെ അന്വേഷിക്കുന്ന ആമിർ ഖാനെ പോലുള്ളവരാണ് ജനസംഖ്യ വർധനവിന് പിന്നിൽ -ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ വർധനവിന് പിന്നിൽ ആമിർ ഖാനെപോലുള്ളവരാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി. മധ്യപ്രദേശിലെ മന്ദ്‌സൗറിൽനിന്നുള്ള എം.പിയായ സുധീർ ഗുപ്തയാണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്.
ആമിർ ഖാൻ ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോൾ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുകയാണ്. ഈ ഭാര്യമാരിൽ മൂന്ന് കുട്ടികളും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും അവർ ബോധവാന്മാരാകുന്നില്ല. ഇവരെ പോലുള്ളവരാണ് ജനസംഖ്യാ വർധനവിന് പിന്നിൽ. ഇതാണോ ഇന്ത്യ ലോകത്തിനു നൽകുന്ന സന്ദേശം?- സുധീർ ഗുപ്ത പറഞ്ഞു.
രാജ്യത്തെ ജനസംഖ്യ 140 കോടിയിലേക്ക് അടുക്കുകയാണ്. എന്നാൽ ഇന്ത്യയുടെ ഭൂപ്രകൃതി ഒരിഞ്ച് പോലും വർധിക്കുന്നില്ലെന്നും ഇത് അത്ര നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഭജനവേളയിൽ പാകിസ്താന് വലിയൊരു ഭാഗം ഭൂമിയാണ് ലഭിച്ചത്. എന്നാൽ അവിടെ ജനസംഖ്യ കുറവാണ്. അവിെട നിന്നും കുറേപേർ വിഭജനവേളയിൽ ഇന്ത്യയിലേക്ക് വരാൻ നിർബന്ധിതരായെന്നും സുധീർ ഗുപ്ത പറഞ്ഞു.