സംയുക്ത പാർലമെന്ററി സമിതി, എന്നാൽ പോസ്റ്ററിൽ ഒരേയൊരാളുടെ ചിത്രം മാത്രം; മഹാസഖ്യത്തിലെ സമ്മർദത്തെ പരിഹസിച്ച് ബി.ജെ.പി
text_fieldsപട്ന: ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് മഹാഗഡ്ബന്ധൻ സഖ്യം തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പട്നയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു പ്രഖ്യാപനം.
അതിനിടെ, ബുധനാഴ്ച തേജസ്വി യാദവ് ഒറ്റക്ക് പത്രസമ്മേളനം വിളിച്ചതിനെയും സഖ്യമായിട്ടുകൂടി പത്രസമ്മേളനത്തിന്റെ പോസ്റ്ററിൽ അദ്ദേഹത്തിന്റെ മാത്രം ചിത്രം ഉൾക്കൊള്ളിച്ചതിനെയും പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് ബി.ജെ.പി.
''സംയുക്ത പാർലമെന്ററി സമിതിയാണു പോലും. എന്നാൽ പോസ്റ്ററിൽ ഒരാളുടെ ചിത്രം മാത്രമേയുള്ളൂ. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും അഭിമാനം നഷ്ടപ്പെട്ടിരിക്കുകയാണ്. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ആ സ്ഥാനത്ത് നിന്ന് നീക്കിയോ?''എന്നായിരുന്നു ബി.ജെ.പി വക്‍താവ് ഷെഹ്സാദ് പൂനവാല എക്സിൽ കുറിച്ചത്.
ബിഹാറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായിരുന്ന അശോക് ഗെഹ്ലോട്ട് എത്തിയിരുന്നു. ഗെഹ്ലോട്ടും സംസ്ഥാനത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കൃഷ്ണ അല്ലാവരുവും തേജസ്വിയുമായും ലാലു പ്രസാദ് യാദവുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ലാലു കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ബിഹാറിലെ രാഘവ്പൂരിൽനിന്നാണ് തേജസ്വി മത്സരിക്കുന്നത്. 1995ലും 2000ലും ഇവിടെ നിന്ന് ജനവിധി തേടിയാണ് ലാലു ബിഹാർ മുഖ്യമന്ത്രിയായത്. ബിഹാറിൽ 243 അസംബ്ളി മണ്ഡലങ്ങളിൽ മഹാസഖ്യത്തിനായി 253 സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച നോമിനേഷൻ സമർപ്പിക്കുന്ന അവസാനദിനമായിരിക്കെ, സീറ്റ് സംബന്ധിച്ച് തർക്കങ്ങളും വിയോജിപ്പും ചില മണ്ഡലങ്ങളിൽ സഖ്യത്തിലെ ഒന്നിലധികം കക്ഷികൾ നാമനിർദേശം സമർപ്പിക്കുന്നതിലേക്ക് വഴിതെളിച്ചതോടെയാണ് ഇത്.
ഇൻഡ്യ സഖ്യം ശക്തമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാജേഷ് റാം വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ സഖ്യത്തിന് കരുത്ത് പകർന്നുവെന്നും രാജേഷ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നുവർഷമായി ഈ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് വി.ഐ.പി അധ്യക്ഷൻ മുകേഷ് സാനി പറഞ്ഞു. തന്റെ പാർട്ടിയെ തകർത്ത് എം.എൽ.എമാരെ തട്ടിയെടുത്ത ബി.ജെ.പിയോട് പ്രതികാരം വീട്ടുമെന്നും സാഹ്നി പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസിന് ചെറുതെങ്കിലും നിർണായക സ്ഥാനമാണ് ഉള്ളതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. കാര്യമായി ഭരണനേട്ടങ്ങളില്ലാത്ത എൻ.ഡി.എ സഖ്യം, മഹാസഖ്യത്തെ ചെറുതാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പുഫലം ഇതിനുള്ള മറുപടിയാവുമെന്നും സന്ദീപ് പറഞ്ഞു.
നവംബറിൽ രണ്ടുഘട്ടമായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

