'ആൾക്കൂട്ടമില്ല, കാമറാ ട്രിക്ക് മാത്രം, 7000 കസേരകൾ ഒഴിഞ്ഞു കിടന്നു'; ഇൻഡ്യ സഖ്യത്തിന്റെ റാലിയെ പരിഹസിച്ച് ബിജെപി
text_fieldsന്യൂഡൽഹി: ഡൽഹി രാംലീല മൈതാനത്ത് ഇൻഡ്യ സഖ്യം സംഘടിപ്പിച്ച റാലിക്കെതിരെ പരിഹാസവുമായി ബിജെപി. പ്രതീക്ഷിച്ച ജനപങ്കാളിത്തം ഉണ്ടായില്ലെന്നും മൈതാനത്തിന്റെ വലിയൊരു ഭാഗം ഒഴിഞ്ഞുകിടന്നെന്നുമാണ് ബിജെപി നേതാക്കളുടെ ആരോപണം. റാലി പരാജയമായിരുന്നുവെന്നും ആൾക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ കാമറാ തന്ത്രങ്ങളിലൂടെ പെരുപ്പിച്ചുകാട്ടുകയായിരുന്നുവെന്നും ബിജെപി എംപി സാംബിത് പാത്ര ആരോപിച്ചു.
രാവിലെ മുതൽ റാലി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും രാഹുൽ ഗാന്ധിയുടെ പ്രസംഗം ശ്രദ്ധിച്ചുകേട്ടെങ്കിലും ഒടുവിൽ സമയം പാഴായതുപോലെയാണ് തോന്നിയതെന്നും പാത്ര പറഞ്ഞു. റാലി നടന്ന മൈതാനത്തെ 28,000 കസേരകളിൽ 5,000 മുതൽ 7,000 വരെ വൈകീട്ട് 3.30നും നാലിനുമിടയിൽ ഒഴിഞ്ഞുകിടന്നിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. മൈതാനത്തിന്റെ 40 ശതമാനത്തോളം ഭാഗത്തും ആളുകളുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി രാഷ്ട്രീയ പാർട്ടികളെയും പ്രവർത്തകരെയും അണിനിരത്തിയിട്ടും പത്തു ലക്ഷം പേരെ എത്തിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നാണ് പാത്രയുടെ പരിഹാസം. ഇത്തരം തന്ത്രങ്ങൾകൊണ്ട് ഒരാൾക്കും നേതാവോ പ്രധാനമന്ത്രിയോ ആകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'പി.എം' എന്നത് പ്രധാനമന്ത്രി എന്നതിലുപരി വിയർപ്പിനെയും (പസീന), കഠിനാധ്വാനത്തെയും (മെഹ്നത്ത്) സൂചിപ്പിക്കുന്നതാണെന്നും അധ്വാനത്തിലൂടെയാണ് പ്രധാനമന്ത്രിയാകേണ്ടതെന്നും പാത്ര കൂട്ടിച്ചേർത്തു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെയും പാത്ര വിമർശിച്ചു. തെരഞ്ഞെടുപ്പ് നടന്ന സമയത്ത് ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്നില്ലെന്നും 2025ലാണ് അദ്ദേഹം ആ ചുമതലയിലെത്തിയതെന്നും പാത്ര ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നെങ്കിൽ അതിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവിന്റെയും എംപിമാരുടെയും പദവികളും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തെരഞ്ഞെടുപ്പിനെതിരെ കോടതിയിൽ ഹരജി നൽകാതെ വർഷങ്ങൾക്കുശേഷം റാലിയിൽ ആരോപണം ഉന്നയിക്കുന്നതിന്റെ യുക്തിയും അദ്ദേഹം ചോദ്യം ചെയ്തു.
കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും റാലിക്കെതിരെ രംഗത്തെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെ എത്തിച്ചിട്ടും രാംലീല മൈതാനത്തിന്റെ പകുതിയോളം ഒഴിഞ്ഞുകിടന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളെയും അദ്ദേഹം വിമർശിച്ചു.
അതേസമയം, റാലി വൻ വിജയമായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം. ജനപങ്കാളിത്തം കണ്ട് ബിജെപി നിരാശരായിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടിവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗ്യാനേഷ് കുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ അദ്ദേഹം സ്ഥാനമൊഴിയണമെന്ന നിലപാടാണ് കോൺഗ്രസ് എംപി ശശി തരൂരും പ്രകടിപ്പിച്ചത്.
എസ്.ഐ.ആർ നടപടികളിലും വോട്ടർപട്ടികയിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ചായിരുന്നു ഇന്ത്യാസഖ്യത്തിന്റെ 'ചലോ ഡൽഹി' മാർച്ച്. മിന്റോ റോഡ്-കോണാട്ട് പ്ലേസ് ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് രാംലീല മൈതാനത്താണ് സമാപിച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കൾ റാലിയിൽ പങ്കെടുത്തു.

