യു.പിയിൽ ബി.ജെ.പി എം.എൽ.എമാർ നാളെ യോഗം ചേരും
text_fieldsലഖ്നോ: നിയമസഭ കക്ഷി നേതാവിനെ തെരെഞ്ഞടുക്കുന്നതിനായി യു.പി നിയമസഭയിലെ ബി.ജെ.പി എം.എൽ.എമാർ ശനിയാഴ്ച യോഗം ചേരും. തെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയെങ്കിലും മുഖ്യമന്ത്രി ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇൗ സാഹചര്യത്തിലാണ് എം.എൽ.എമാർ യോഗം ചേരുന്നത്.
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ഭുപേന്ദ്ര യാദവ് എന്നിവർ നിരീക്ഷകരായി എത്തും. മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതുവരെ മനസ്സ് തുറന്നിട്ടില്ല. തങ്ങളുടെ അഭിപ്രായം പാർട്ടി നേതൃത്വത്തെ അറിയിക്കുന്നതിനായി നിരവധി എം.എൽ.എമാർ കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹി സന്ദർശിച്ചിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പുകൂടി മുന്നിൽകണ്ടായിരിക്കും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക. 80 ലോക്സഭ സീറ്റുള്ള സംസ്ഥാനത്ത് പാർട്ടിയുടെ ഭരണം മികച്ചതാക്കുക എന്ന ലക്ഷ്യംകൂടി കണക്കിലെടുത്താണ് തീരുമാനമുണ്ടാവുക എന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി യു.പി അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ, മനോജ് സിങ് എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.
അതിനിടെ, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മൗര്യയെ ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിലും നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ഡറാഡൂണിൽ എം.എൽ.എമാർ വെള്ളിയാഴ്ച യോഗം ചേരും.