ബി.ജെ.പി എം.എൽ.എയുടെ കാർ കഴുകാൻ ഫയർഫോഴ്സ്; സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തതതിൽ വ്യാപക വിമർശനം
text_fieldsസിങ്‌റോളി: മധ്യപ്രദേശിലെ സിങ്‌റോളിയിൽ ബി.ജെ.പി എം.എൽ.എയുടെ സ്വകാര്യ കാർ ഫയർഫോഴ്സ് വാഹനം ഉപയോഗിച്ച് കഴുകിയെന്ന് പരാതി. ഔദ്യോഗിക വസതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കഴുകാൻ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കാർ കഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സിങ്‌റോളിയിലെ ബി.ജെ.പി എം.എൽ.എ രാം നിവാസ് ഷായുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണ് ഫയർഫോഴ്സ് ജീവനക്കാർ ഹോസ് ഉപയോഗിച്ച് കഴുകിയത്. ബിലോഞ്ചിയിലെ എം.എൽ.എയുടെ ഔദ്യോഗിക വസതിക്ക് പുറത്തുള്ള റോഡിലാണ് സംഭവം. മൂന്ന് ഫയർഫോഴ്സ് ജീവനക്കാർ ഫയർ എൻജിനിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് കാർ വൃത്തിയാക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി എം.എൽ.എ രംഗത്തെത്തി. താനും വിഡിയോ കണ്ടിട്ടുണ്ടെന്നും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്നും രാം നിവാസ് ഷാ വ്യക്തമാക്കി. ഫയർഫോഴ്സ് വാഹനം മേയർ ചെയർമാന്റെ വീട്ടിൽ വെള്ളം നിറയ്ക്കാൻ പോയതാണെന്നും, യാദൃശ്ചികമായി അവിടെ നിർത്തിയിട്ടിരുന്നപ്പോൾ ഡ്രൈവർ അൽപം വെള്ളം വാഹനത്തിൽ അടിക്കുകയാണെന്നുമാണ് എം.എൽ.എ നൽകിയ വിശദീകരണം.
എങ്കിലും, പൊതുമുതൽ വ്യക്തിഗത ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു എന്നാക്ഷേപിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ജനപ്രതിനിധികളുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

