ന്യൂഡൽഹി: പൗരത്വ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ജെ.എൻ.യു വിദ്യാർഥി നേതാവ് ശര്‍ജീല്‍ ഇമാമിനെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എൽ.എ സംഗീത് സോം. ഇന്ത്യയെ തകർക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ശർജീൽ ഇമാമിനെപ്പോലുള്ളവരെ പരസ്യമായി വെടിവച്ച് കൊല്ലണമെന്ന് സംഗീത് സോം പറഞ്ഞു. ഉത്തർപ്രദേശിലെ സർധാന മണ്ഡലത്തിലെ എം.എൽ.എയായ സംഗീത് സോം 2013 മുസാഫൾനഗർ കലാപമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
രാജ്യത്തെ തകർക്കണമെന്ന് പറയുന്ന ശർജീൽ ഇമാമിനെ പോലുള്ളവർ ആശങ്കപ്പെടുത്തുന്നു. അത്തരക്കാരെ പരസ്യമായി വെടിവെച്ച് കൊല്ലണം. സി.എ.എക്കെതിരെ പ്രതിഷേധത്തിൽ ഇരിക്കുന്ന സ്ത്രീകൾക്ക് ജോലിയൊന്നുമില്ല. ഈ പ്രതിഷേധങ്ങൾക്കു വേണ്ടി വരുന്ന ഫണ്ട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സംഗീത് സോം ആവശ്യപ്പെട്ടു.
‘സാമ്ന’യിലൂടെ ശർജീൽ ഇമാമിനെ അറസ്റ്റ് ചെയ്ത നടപടിയെ പിന്തുണച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു. ശർജീൽ ഇമാമിനെ പോലുള്ള ‘കീടങ്ങളെ’ഉടൻ നശിപ്പിക്കണമെന്നും അയാളുടെ കൈ വെട്ടിയെടുത്ത് ‘ചിക്കൻസ് നെക്കി’ൽ പ്രദർശിപ്പിക്കുകയാണ് വേണ്ടതെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ്യ ഇസ്ലാമിയ യൂനിവേഴ്സിറ്റി, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രസംഗിച്ചു, ദേശദ്രോഹ പരാമർശം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് ശർജീലിനെതിരെ രാജ്യദ്രോഹ കേസെടുത്തത്.