ചൈത്ര കുന്താപുര ആശുപത്രി വിട്ടു; ചോദ്യം ചെയ്യലിൽ നിന്നൂരാൻ നടത്തിയ നാടകം
text_fieldsപൊലീസ് ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവിണ ചൈത്ര കുന്താപുര ആശുപത്രിയിൽ
മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മണ്ഡലത്തിൽ ബി.ജെ.പി വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് കോടികൾ കോഴ വാങ്ങി വഞ്ചിച്ചു എന്ന കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര തിങ്കളാഴ്ച ആശുപത്രി വിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഉഡുപ്പി കൃഷ്ണ മഠം പരിസരത്ത് നിന്ന് അറസ്റ്റിലായ ചൈത്ര വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്യലിനിടെ ബോധം കെട്ട് വീണതിനെത്തുടർന്ന് ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴായിരുന്നു ബോധരഹിതയായി വീണത്. പൊലീസ് തന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞ് ചൈത്ര കോടതിയിൽ ഹാജരാക്കിയ വേളയിൽ കരഞ്ഞതിനാൽ മൃദുരീതിയിൽ ജൂനിയർ ഓഫിസർമാരാണ് ആദ്യ രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നത്. എന്നാൽ വെള്ളിയാഴ്ച രാവിലെ ക്രൈംബ്രാഞ്ച് ഡിവിഷനൽ ഓഫിസിൽ അസി. പൊലീസ് കമ്മീഷണർ റീന സുവർണ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ കുഴഞ്ഞുവീഴുകയായിരുന്നു.
അപസ്മാരം ഉണ്ടെന്ന് ബന്ധുക്കൾ പറയുകയും പ്രതിയുടെ ചലനങ്ങളിൽ അതിന്റെ സൂചന ലഭിക്കുകയും ചെയ്തതിനാൽ ഉടൻ വിക്ടോറിയ ആശുപത്രിയിൽ ഐസിയു വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ, നാല് ദിവസത്തെ ചികിത്സയിൽ പ്രതിക്ക് അപസ്മാരമോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ കണ്ടെത്താനായില്ല. എല്ലാം ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകാൻ നടത്തിയ നാടകം ആയിരുന്നു എന്നാണ് പൊലീസ് നിഗമനം. ചോദ്യം ചെയ്യൽ തുടരുമെന്ന് അസി.പൊലീസ് കമ്മീഷണർ റീന സുവർണ പറഞ്ഞു.
പത്ത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ചൈത്ര. ബൈന്തൂരിലെ വ്യവസായി ഗോവിന്ദ ബാബു പൂജാരി നൽകിയ പരാതിയിലാണ് ചൈത്രയേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തത്. മാധ്യമപ്രവർത്തക എന്ന നിലയിൽ ഉന്നതരുടെ അവിഹിത സാമ്പത്തിക ഇടപാടുകൾ വെളിച്ചത്ത് കൊണ്ടു വരാൻ താൻ ഉപായം പ്രയോഗിക്കുകയായിരുന്നു എന്ന പ്രചാരണം തിങ്കളാഴ്ച ആരംഭിച്ചിട്ടുണ്ട്.