യുവമോർച്ച നേതാവിനെ കൊലപ്പെടുത്തിയവരെ ഏറ്റുമുട്ടലിലൂടെ വധിക്കണമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയവരെ ഏറ്റുമുട്ടലിലൂടെ വധിക്കണമെന്ന് ബി.ജെ.പി എം.എൽ.എ രേണുകാചാര്യ. കൊലയാളികൾക്കെതിരെ നടപടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടാൽ രാജിവെക്കുമെന്നും ഹൊന്നാലിയിൽനിന്നുള്ള നിയമസഭാംഗമായ അദ്ദേഹം മുന്നറിയിപ്പ് നൽകി.
അധികാരത്തേക്കാൾ തനിക്ക് പ്രധാനം ഹിന്ദു പ്രവർത്തകരുടെ സംരക്ഷണമാണെന്നും അദ്ദേഹം ട്വീറ്റുകളിലൂടെ പ്രതികരിച്ചു. ഹിന്ദു പ്രവർത്തകർ കൊല്ലപ്പെടുമ്പോഴെല്ലാം നാം അനുശോചിക്കുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്യും. ആളുകൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണമെങ്കിൽ ദുർമാർഗികളെ തെരുവിൽവെച്ച് എൻകൗണ്ടറിലൂടെ വധിക്കണം -അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
യോഗി സർക്കാറിന്റെ മാതൃകയിലുള്ള നടപടികൾ കർണാടക സർക്കാറും സ്വീകരിക്കണം. എങ്കിൽ മാത്രമേ സർക്കാറിന്റെയും സംഘത്തിന്റെയും പ്രതീക്ഷ സംരക്ഷിക്കാനാകൂ. ഹിന്ദുക്കളെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ അധികാരത്തിൽ തുടരുന്നതുകൊണ്ട് എന്താണ് കാര്യമെന്നും രേണുകാചാര്യ ചോദിച്ചു. ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നാൽ ഞാൻ സർക്കാരിനൊപ്പം ഉണ്ടാകും. ഇല്ലെങ്കിൽ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് പ്രവീണിന്റെ മാതാവും ആവശ്യപ്പെട്ടു.
പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. ഹാസൻ സ്വദേശി സക്കീർ (29), ബെള്ളാര സ്വദേശി മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. സക്കീറിനെതിരെ നേരത്തെയും കേസുകളുണ്ട്. അറസ്റ്റിലായവർ ഗൂഢാലോചന നടത്തിയവരാണെന്നും സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്‌തെന്നും ദക്ഷിണ കന്നഡ എസ്.പി പറഞ്ഞു. കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന കേരള രജിസ്ട്രേഷൻ ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലാണ് പ്രതികളെത്തിയതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഉടൻ കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗളൂരു എസ്.പി, കാസർകോട് എസ്.പിയുമായി സംസാരിച്ചു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ മൂന്നു താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സുള്ള്യ ബെള്ളാരക്കടുത്ത് നെട്ടാരുവിൽ ചൊവ്വാഴ്ച രാത്രിയാണ് യുവമോർച്ച പ്രാദേശിക നേതാവായ പ്രവീൺ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊന്നത്. തന്റെ കോഴിക്കടയടച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

